സ്വന്തം ലേഖകന്‍: ഹോങ്കോങ്ങില്‍ 40 വര്‍ഷം പ്രായമായ ബിബിസി റേഡിയോയ്ക്ക് മരണമണി, ചൈനയുടെ സാംസ്‌ക്കാരിക അധിനിവേശമെന്ന് ശ്രോതാക്കള്‍. മുന്‍ ബ്രിട്ടീഷ് കോളനിയിയായ ഹോങ്കോങില്‍ ചൈനയിലെ സ്റ്റേറ്റ് റേഡിയോ ചാനലിന്റെ ശബ്ദമാകും ഇനി മുഴങ്ങി കേള്‍ക്കുക. ഹോങ്കോങില്‍ 1978 മുതല്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യുന്ന റേഡിയോ ചാനലായ ബിബിസി റേഡിയോ പ്രക്ഷേപണ സമയം 8 മണിക്കൂറായി വെട്ടിച്ചുരുക്കുകയാണ്. ബിബിസി പ്രക്ഷേപണം പൂര്‍ണമായും നിര്‍ത്തുന്നതിന്റെ ആദ്യപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
150 വര്‍ഷത്തെ സാമ്രാജ്യത്വ ഭരണത്തിനു ശേഷം 1997 ല്‍ ബ്രിട്ടന്‍ ചൈനയ്ക്ക് ഹോങ്‌കോങ് തിരികെ നല്‍കിയതിനു ശേഷം പ്രദേശം അര്‍ദ്ധ സ്വയംഭരണാധികാരത്തിലാണ്. ചൈനയുടെ മേല്‍നോട്ടത്തിലുള്ള സര്‍ക്കാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്നാണ് ബിബിസി ഡിജിറ്റല്‍ ഓഡിയോ പ്രക്ഷേപണം നിര്‍ത്തുന്നത്. ഇന്റര്‍നെറ്റിന്റെ വ്യാപനം വര്‍ധിക്കുകയും റേഡിയോ പ്രക്ഷേപണത്തോടുള്ള താല്‍പര്യം കുറയുകയും ചെയ്തതാണ് ബിബിസിയുടെ പ്രക്ഷേപണം നിര്‍ത്താന്‍ കാരണമായി അധികൃതര്‍ പറയുന്നത്.
ചാനല്‍ 4 ല്‍ പ്രതിദിന എട്ടു മണിക്കൂര്‍ സംപ്രേക്ഷണമായാണ് ബിബിസി വേള്‍ഡ് സര്‍വീസ് ഇനി ലഭിക്കുക. പ്രാദേശിക സമയം 11 നും 7നും ഇടയിലാകും ഈ പ്രക്ഷേപണം. ‘ഞങ്ങള്‍ തീര്‍ത്തും നിരാശരാണ്, ഞങ്ങളുടെ ശ്രോതാക്കള്‍ മാറ്റം എങ്ങനെ അംഗീകരിക്കും?’ ബിബിസിയിലെ ഹെലന്‍ ഡെല്ലര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൈനയിലെ സെന്‍ട്രല്‍ പീപ്പിള്‍സ് റേഡിയോ എന്നറിയപ്പെടുന്ന സ്റ്റേറ്റ് ബ്രോഡ്കാസ്റ്റ് ചൈന നാഷണല്‍ റേഡിയോയില്‍ നിന്നുള്ള പുതിയ പരിപാടികള്‍ക്കാകും ഇനി മുതല്‍ കൂടുതല്‍ സമയം ലഭിക്കുക. മാന്‍ഡാരിന്‍ ഭാഷയിലാകും പ്രക്ഷേപണം.
വാര്‍ത്തകള്‍, ധനകാര്യം, കല, സംസ്‌കാരം, ജീവിതശൈലി പരിപാടികള്‍ എന്നിവ ചൈനയിലെ നാഷണല്‍ റേഡിയോയില്‍ ഉള്‍പ്പെടും. ബിബിസി റേഡിയോയില്‍ നിന്നും ചൈനീസ് ഭാഷയിലുള്ള റേഡിയോ പരിപാടികളിലേക്കുള്ള മാറ്റത്തില്‍ ചൈനീസ് രാഷ്ട്രീയത്തിന്റെ അടിച്ചേല്‍പ്പിക്കല്‍ മനോഭാവം ഉണ്ടെന്നാണ് പൊതുവെ വിലയിരുത്തല്‍. ബ്രിട്ടനില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനു ശേഷം ഹോങ്‌കോങും ചൈനയും തമ്മില്‍ അധികാര വടംവലികള്‍ പതിവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല