അടുത്ത മാസം 10ന് തുടങ്ങേണ്ടിയിരുന്ന ടീം ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ബിസിസിഐ റദ്ദാക്കി. ടീമംഗങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിന് വേണ്ടിയും തുടര്‍ച്ചയായി മത്സരങ്ങള്‍ ഉള്ളത് കൊണ്ട് ടീമിന്റെ കാര്യപ്രാപ്തിയെ പ്രതികൂലമായി ബാധിക്കുന്നതു കൊണ്ടുമാണ് പര്യടനം റദ്ദാക്കിയതെന്നാണ് വിശദീകരണം. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളുമാണ് സിംബാബ്‌വെ പരമ്പരയില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ മത്സരത്തിന്റെ സംപ്രേക്ഷണ അവകാശവുമായി ബന്ധപ്പെട്ട് സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡും ടെന്‍ സ്‌പോര്‍ട്‌സുമായുള്ള തര്‍ക്കം പരിഹരിക്കപ്പെടാത്തതും ബംഗ്ലദേശിനോടേറ്റ നാണംകെട്ട പരാജയവുമാണ് പരമ്പര റദ്ദാക്കുന്നതിന് ബിസിസിഐയെ പ്രേരിപ്പിച്ചതെന്നാണ് സ്‌പോര്‍ട്‌സ് നിരീക്ഷകരുടെ പക്ഷം.
ഇന്ത്യന്‍ ടീം താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ലെന്ന പരാതി നേരത്തെ മുതല്‍ ശക്തമായിരുന്നു. ലോകകപ്പ് കഴിഞ്ഞ ഉടനെ ഐപിഎല്‍ അത് കഴിഞ്ഞ ഉടനെ ബംഗ്ലാദേശ് പര്യടനം തുടങ്ങി ടീമിന് ഈ സീസണില്‍ വിശ്രമം ഇല്ലാത്ത ഓട്ടമായിരുന്നു. ബിസിസിഐയുടെ ടൈറ്റ് ഷെഡ്യൂളിനെതിരെ മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെ പലപ്പോഴും പ്രതിഷേധവും അറിയിച്ചിരുന്നു.
ബംഗ്ലാദേശ് പരമ്പരക്ക് മുമ്പ് മുതിര്‍ന്ന താരങ്ങള്‍ വിശ്രമം ആവശ്യപ്പെട്ടതായും എന്നാല്‍ ബിസിസിഐ ഇത് തള്ളുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബംഗ്ലാദേശിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ടീം ഇന്ത്യ തോല്‍ക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ പരമ്പര തോല്‍വി വഴങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല