സ്വന്തം ലേഖകന്‍: ചൈനയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയായ സിന്‍ജിയാംഗില്‍ താടിക്കും തട്ടത്തിനും വിലക്ക്, ചൈനീസ് സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു. ഉയ്ഗര്‍ മുസ്‌ലിംകങ്ങളുടെ കേന്ദ്രമായ സിന്‍ജിയാംഗില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഭീകരവാദികളെ തളക്കാനാണ് താടി വളര്‍ത്തുന്നതിനും തട്ടം അണിയുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ വിശദീകരണം.
അസാധാരണമായ നിലയില്‍ താടി നീട്ടിവളര്‍ത്തുന്നതിനാണു വിലക്ക്. തട്ടമണിഞ്ഞ് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും വിലക്കി. ചൈനീസ് ടെലിവിഷനുള്ള വിലക്ക് നിയമവിരുദ്ധമാണെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഭരണകൂടം വിവേചനം കാണിക്കുന്നു എന്ന പരാതിയില്‍ ദീര്‍ഘകാലമായി പ്രക്ഷോഭപാതയിലാണ് ഉയ്ഗര്‍ മുസ്‌ലിംകള്‍. സമീപ വര്‍ഷങ്ങളില്‍ നിരവധി രക്തരൂക്ഷിത പോരാട്ടങ്ങളാണു മേഖലയില്‍ നടന്നത്.
ശനിയാഴ്ച മുതല്‍ നിലവില്‍ വന്ന പുതിയ നിയമമനുസരിച്ച് നിരവധി നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രം ചേര്‍ക്കുക, കുടുംബാസൂത്രണത്തെ എതിര്‍ക്കരുത്, വിവാഹത്തിന് മതപരമായ രീതികള്‍ ഉപേക്ഷിക്കുക തുടങ്ങിയ നിയന്ത്രണങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിയമത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും നടപ്പിലാക്കുന്നതിന്റെ രൂപം വ്യക്തമാക്കിയിട്ടില്ല.
ചൈനയിലെ ന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്ലിംകളുടെ പ്രധാന കേന്ദ്രമാണ് സിന്‍ജ്യങ്. ഒരു കോടിയോളം മുസ്ലിംകള്‍ സിന്‍ജ്യങ്ങില്‍ കഴിയുന്നുണ്ട്. എന്നാല്‍ ഉയിഗൂര്‍ മുസ്ലീങ്ങളില്‍ ഭൂരിഭാഗവും വിഘടനവാദികള്‍ ആണെന്നാണ് ചൈനയുടെ വാദം. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരായ പ്രതിഷേധം മാത്രമാണ് ഇവിടെ നടക്കുന്നതെന്ന് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും വാദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല