സ്വന്തം നാട്ടില്‍ വിശ്വ കായിക മാമാങ്കം അരങ്ങേറുമ്പോള്‍ കായിക താരമെന്ന നിലയില്‍ അതില്‍ നേരിട്ട് പങ്കു പറ്റാന്‍ കഴിയാത്തതില്‍ നിരാശനെന്നു മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം. ഒളിംപിക്സിനുള്ള ടീമിലേക്ക് അവസരം കിട്ടാതെ പോയശേഷം ഇതാദ്യമായാണ് ബെക്കാമിന്റെ പ്രതികരണം.
ലണ്ടന്‍ ഒളിംപിക്സില്‍ മാതൃരാജ്യ ടീമിന്റെ ഭാഗമാകണമെന്നു ബെക്കാം അതിയായി ആഗ്രഹിച്ചിരുന്നു. ഒളിംപിക്സ് ടീമില്‍ കളിക്കുകയെന്നത് അനിര്‍വ്വചനീയ അനുഭൂതിയായാണ് ബെക്കാം വിശേഷിപ്പിച്ചത്. അങ്ങനെ ഈ 37കാരന് 18 അംഗ സാധ്യതാ പട്ടികയിലും ഇടം ലഭിച്ചു. എന്നാല്‍ അന്തിമ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കോച്ച് സ്റ്റുവര്‍ട്ട് പിയേര്‍സ് ആരാധകരുടെ സൂപ്പര്‍ താരത്തിനു സ്ഥാനം നല്‍കിയില്ല.
അതെക്കുറിച്ച് പറയാന്‍ പോലും തയ്യാറാകാത്തവിധം അത്രകണ്ടു ഹതാശനായിരുന്നു ബെക്കാം. കടുത്ത നിരാശയുണ്ടെങ്കിലും ഇംഗ്ലണ്ടിനു പ്രോത്സാഹനവുമായി എത്തുമെന്ന് താരം പറഞ്ഞു. ഒളിംപിക് ഫുട്ബോളിനു ആദ്യ വിസില്‍ മുഴങ്ങുന്ന സെനഗലിനെതിരായ പോരാട്ടത്തില്‍ ഇംഗ്ലണ്ട് ടീമിന് ആവേശത്തിന്റെ ആവേഗം പകരാന്‍ ഗാലറിയില്‍ ഉണ്ടാകുമെന്ന് ബെക്കാം വ്യക്തമാക്കി.
ഒളിംപിക്സിനു ഔപചാരിക തുടക്കം കുറിച്ച് ഈ മാസം 27നു ഒളിംപിക് ജ്വാല തെളിയിക്കാന്‍ താനുണ്ടാവില്ലെന്നും ബെക്കാം അറിയിച്ചിട്ടുണ്ട്. ഒരു ഒളിംപ്യനു മാത്രമാണതിനു അര്‍ഹതയെന്നു ബെക്കാം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല