സ്വന്തം ലേഖകന്‍: ബീഫ് കഴിക്കാന്‍ ആഗ്രഹമുള്ളവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പാര്‍ലമെന്ററി കാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്!വി പറഞ്ഞു. ഒരു ദേശീയ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നഖ്‌വിയുടെ വിവാദ പരാമര്‍ശം.
ഇത് ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ വിഷയമല്ലെന്നും മറിച്ച് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും അഭിമുഖത്തില്‍ നഖ്‌വി തുറന്നടിക്കുന്നു. ഹിന്ദു വിശ്വാസികളുടെ വൈകാരിക വിഷയമാണിതെന്നാണ് അദ്ദേഹത്തിന്റെ വാദം.
ബീഫ് കഴിക്കാതെ ജീവിക്കാന്‍ കഴിയാത്തവര്‍ക്ക് പാക്കിസ്ഥാനിലേക്കോ മറ്റ് അറബ് രാജ്യങ്ങളിലേക്കോ പോകാം. അല്ലെങ്കില്‍ ബിഫ് ലഭിക്കുന്ന ഏതു സ്ഥലത്തേക്കു വേണമെങ്കിലും പോകാം.
മുസ്ലീങ്ങള്‍ പോലും ഇതിനെതിരാണെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു. ഗോവ, ജമ്മു കശ്മീര്‍, കേരളം പോലെ ബീഫ് അധികം കഴിക്കുന്നവരുള്ള സ്ഥലങ്ങളില്‍ ബീഫ് നിരോധിക്കുന്നത് എങ്ങനെയാണെന്ന എഐഎംഐഎം പ്രസിഡന്റ് അസദ്ദീന്‍ ഒവൈസിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം നഖ്‌വിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന വിമര്‍ശനം രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. മുസ്ലീങ്ങള്‍ക്കിടയിലെ ദാരിദ്രത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് തുടച്ചു മാറ്റാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നായിരുന്നു മറുപടി.
മുസ്ലീങ്ങള്‍ മൊത്തം സാമൂഹിക പുരോഗതിയുടെ ഭാഗമാകാതെ മാറ്റി നിര്‍ത്തപ്പെട്ടു എന്നത് വസ്തുതയാണ്. അവരെ പുരോഗതിയുടെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ അനുയോജ്യരാക്കുന്ന തരത്തിലുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും നഖ്‌വി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല