സ്വന്തം ലേഖകന്‍: മാട്ടിറച്ചി കഴിച്ചെന്ന് ആരോപിച്ച് നോയിഡയില്‍ 50 കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഡല്‍ഹിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ ഗ്രേറ്റര്‍ നോയ്ഡയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പശുവിറച്ചി ഭക്ഷിച്ചുവെന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്നും ആരോപിച്ചാണ് ഗ്രാമവാസികള്‍ മുഹമ്മദ് അഖ് ലാകിനെയും മകനെയും മര്‍ദിക്കുകയായിരുന്നു.
അഖ് ലാക് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മകന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തത്തെുമ്പോഴും നാട്ടുകാര്‍ ഇവരെ മര്‍ദിക്കുകയായിരുന്നു.
‘അത്താഴത്തിനുശേഷം എന്റെ പിതാവ് ഒന്നാം നിലയിലെ മുറിയില്‍ ഉറങ്ങാന്‍ പോയതായിരുന്നു. ആ സമയത്ത് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നിന്ന് മൈക്കിലൂടെ ഒരു അനൗണ്‍സ്‌മെന്റ് കേട്ടു. ഞങ്ങളുടെ വീട്ടില്‍ ഒരു പശുക്കുട്ടിയെ അറുത്തു എന്നായിരുന്നു മൈക്കിലൂടെ അറിയിച്ചത്. രാത്രി 10.30 ഓടെ വടികളും ഇഷ്ടികയുമായി നൂറോളം ആളുകള്‍ ഞങ്ങളുടെ വീടു വളഞ്ഞു. ഗേറ്റ് തകര്‍ത്ത് വീട്ടില്‍ കയറിയ അവര്‍ താഴത്തെ നിലയില്‍ പഠിക്കുകയായിരുന്ന എന്റെ സഹോദരനെ ക്രൂരമായി മര്‍ദിച്ചു. ഫര്‍ണിച്ചറുകള്‍ തല്ലിത്തകര്‍ത്ത അക്രമിസംഘം മുകളില്‍ പോയി പിതാവിനെ ക്രൂരമായി ആക്രമിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഘം പിതാവിനെ വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടു പോവുകയായിരുന്നു’ അഖ് ലാകിന്റെ മകള്‍ മെഹ്‌റാജ് പറഞ്ഞു.
‘അവര്‍ പിതാവിന്റെ വസ്ത്രം കീറി. അദ്ദേഹത്തെ ഉപദ്രവിക്കരുതെന്ന് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ കേട്ടില്ല. കല്ലുകളും വടികളും ഉപയോഗിച്ച് തലയിലും നെഞ്ചിലും അദ്ദേഹത്തെ മരിക്കുവോളം അതിക്രൂരമായി ആക്രമിച്ചു. പൊലീസ് വാഹനങ്ങളുടെ സൈറണ്‍ കേട്ടതോടെയാണ് ജനക്കൂട്ടം പിരിഞ്ഞത്’ മെഹ്‌റാജ് തുടര്‍ന്നു.
35 വര്‍ഷങ്ങളായി ഈ കുടുംബം ഇവിടെ സ്ഥിരതാമസക്കാരാണ്. കുഴപ്പം ഉണ്ടാകേണ്ടെന്ന് കരുതി ഇപ്രാവശ്യം ഈദിന് ബലികര്‍മം നടത്തിയില്‌ളെന്ന് അഖ്‌ലാക്കിന്റെ മകള്‍ സാജിദ പറഞ്ഞു. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത് ആടിന്റെ മാംസമാണെന്ന് അഖ്‌ലാകിന്റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഒരു പശുക്കുട്ടിയുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടതായും ഇഖ് ലാഖാണ് ചെയ്തതെന്നും രണ്ടു യുവാക്കള്‍ തന്നെ അറിയിക്കുകയായിരുന്നുവെന്ന് അനൗണ്‍സ്‌മെന്റ് നടത്തിയ ക്ഷേത്രം പുരോഹിതന്‍ പൊലിസിനോട് വ്യക്തമാക്കി.
സംഭവത്തില്‍ കേസെടുത്ത പൊലീസ് 10 പേരെ അറസ്‌ററ് ചെയ്തു. സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയും സഹായിയും അറസ്റ്റിലായവരില്‍പെടും. അറസ്റ്റില്‍ പ്രതിഷേധിച്ച് അക്രമാസക്തരായ നാട്ടുകാര്‍ പോലീസ് വാഹനത്തിന് തീയിട്ടു. ദാദ്രിയില്‍നിന്ന് ജാര്‍ച്ചയിലേക്കുള്ള പ്രധാനറോഡ് ഉപരോധിച്ച ജനക്കൂട്ടം, പോലീസിനുനേരേ കല്‌ളെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ
വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ്ടപരിഹാരമായി കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കുറിച്ചുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനും അഖിലേഷ് ആവശ്യപ്പെട്ടു. അതേസമയം, ഫ്രിഡ്ജിലെ മാംസം ഫോറന്‍സിക് പരിശോധനകള്‍ക്കായി അയച്ച നടപടി വിവാദമായിരിക്കുകയാണ്. യു.പിയില്‍ ബീഫ് നിരോധിക്കാത്ത സാഹചര്യത്തിലാണ് പോലീസ് ഇറച്ചി പരിശോധനക്കയച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല