കെട്ടിടം ലേലത്തില്‍ പിടിക്കാന്‍ യാചകസംഘവും, പുതുച്ചേരിയില്‍ പ്ഞ്ചായത്ത് വക കെട്ടിടം ലേലത്തില്‍ പിടിക്കാനാണ് യാചകസംഘമെത്തിയത്. പുതുച്ചേരി കാരൈക്കാലിലെ തിരുനല്ലാര്‍ പഞ്ചായത്ത് ഓഫിസിലാണ് ഭരണസമിതിക്കാരെയും ഉദ്യോഗസ്ഥരെയും കരാറുകാരെയും ഞെട്ടിച്ചുകൊണ്ട് ലേലത്തില്‍ പങ്കെടുക്കാന്‍ യാചകരെത്തിയത്. കഴിഞ്ഞവര്‍ഷം മൂന്നു ലക്ഷം രൂപയ്ക്കായിരുന്നു കെട്ടിടങ്ങളുടെ ലേലം ഉറപ്പിച്ചത്. ഈവര്‍ഷം തുക ഇതിലും കൂടുമെന്നിരിക്കെയാണ് യാചക സംഘവും ഒരുകൈനോക്കാന്‍ എത്തിയത്.
തിരുനെല്ലാര്‍ ശനീശ്വര ഭഗവാന്‍ ക്ഷേത്രത്തിനു മുന്നിലെ പൊതുശൗചാലയങ്ങളുടെയും രാത്രികാല അഭയകേന്ദ്രങ്ങളുടെയും ലേലം തുടങ്ങാനിരിക്കേയാണു കീറിയ ഭാണ്ഡക്കെട്ടും ഭിക്ഷയെടുക്കുന്ന പാത്രങ്ങളുമായി മൂന്നു പേര്‍ ഹാളില്‍ പ്രവേശിച്ചത്.
ക്ഷേത്രത്തിനു മുന്നില്‍ വര്‍ഷങ്ങളായി ഭിക്ഷയെടുക്കുന്ന ഷണ്‍മുഖം, മാണിക്യം, ഗണേശ് എന്നിവരുടെ വരവ് കണ്ട് ലേലഹാളിലുണ്ടായിരുന്നവര്‍ അമ്പരന്നു. എന്നാല്‍ ഇവര്‍ മൂന്നുപേരും ഒരു കൂസലുമില്ലാതെ അവിടെ ഇരിക്കുകയായിരുന്നു.
ലേലത്തില്‍ നിന്നും ഇവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹാളിലുണ്ടായിരുന്ന ചിലര്‍ എണീറ്റു.ഇന്ത്യന്‍ പൗരന്‍മാരായതിനാല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടെന്നു യാചകര്‍ വാദിച്ചതോടെ എതിര്‍ത്തവര്‍ക്ക് മിണ്ടാതെയിരിക്കേണ്ടിവന്നു.
മൂന്നുപേരും മുന്‍കൂറായി നല്‍കേണ്ട 10,000 രൂപ നല്‍കി. ഇതിന് രസീത് വേണമെന്ന് ആവശ്യപ്പെട്ട ഇവര്‍, ലേലത്തില്‍ പങ്കെടുക്കാനുള്ള കാശ് കയ്യിലുണ്ടെന്നും അറിയിച്ചു. എന്നാല്‍, തിരിച്ചറിയല്‍ രേഖ വേണമെന്നു പഞ്ചായത്ത് കമ്മിഷണര്‍ പറഞ്ഞതോടെ യാചകര്‍ പ്രശ്‌നത്തിലായി.
ഇവരുടെ പക്കല്‍ രേഖകളൊന്നുമുണ്ടായിരുന്നില്ല. പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലേലം തീരുംവരെ കാത്തുനിന്ന യാചകര്‍ ഡിപ്പോസിറ്റ് തുക തിരികെ വാങ്ങി പോവുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല