ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലണ്ട് ക്‌നാനായ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ അത്യധികം ആവേശത്തോടും അതിരറ്റ ആഹ്ലാദത്തോടും കൂടി ഇത്തവണത്തെ ഈസ്റ്റര്‍ ആഘോഷിച്ചു. ബെല്‍ഫാസ്റ്റ് കെവിന്‍സ് ഹാളില്‍ ഏപ്രില്‍ 15 ഞായറാഴ്ചയായിരുന്നു ആഘോഷങ്ങള്‍ അരങ്ങേറിയത്. രാവിലെ 10.30 ഓടുകൂടി സമുദായാംഗങ്ങള്‍ ഒത്തുകൂടിയപ്പോള്‍ സമാനതകളില്ലാത്ത അച്ചടക്കത്തിന്റെയും കൂട്ടായ്മയുടെയും വേറിട്ടൊരു കാഴ്ചയായിരുന്നു അത്.
തുടര്‍ന്ന് 10.45 ന് നടന്ന ദിവ്യബലിക്ക് സീറോ മലബാര്‍ ചാപ്‌ളെയിന്‍ ഫാ.ആന്റണി പെരുമായന്‍ കാര്‍മ്മികത്വം വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുനില്‍ മാത്യുവിന്റെ നേതൃത്ത്വത്തില്‍ ചിട്ടപ്പെടുത്തിയ പീഢാനുഭവ ഉയിര്‍പ്പുരംഗങ്ങളുടെ ദൃശ്യാവിഷ്‌കാരം മുപ്പതോളം കുട്ടികള്‍ ചേര്‍ന്ന വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ തിങ്ങനിറഞ്ഞ സദസ്സ് ഒന്നടങ്കം ശ്വാസമടക്കി നോക്കിനിന്നു.
പിന്നീട് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് സജി പനങ്കാല അധ്യക്ഷ പ്രസംഗം നടത്തി. സെക്രട്ടറി ജിമ്മി സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിജു റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഫാ.ആന്റണി പെരുമായന്‍ ഈസ്റ്റര്‍ ആഘോഷം നിലവിളക്ക കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ബിജോ തോമസ് കണക്ക് അവതരിപ്പിച്ചു. കണ്ണിനും കാതിനും കുളിരേകിയ കലാവിരുന്ന് ഒന്നിന് പുറകെ ഒന്നായി അരങ്ങേറിയപ്പോള്‍ മികവുറ്റ സംഘാടകത്വം കൊണ്ടും മികച്ച അവതരണ ശൈലികൊണ്ടും മികവാര്‍ന്ന വേഷപ്പകര്‍ച്ച കൊണ്ടും കലയുടെ തമ്പുരാക്കന്‍മാര്‍ തന്നെയാണ് തങ്ങളെന്ന് തെളിയിക്കും വിധമായിരുന്നു കലാപ്രകടനങ്ങള്‍.
ഉച്ചകഴിഞ്ഞ് നടന്ന പുരാതന പാട്ടുമത്സരത്തില്‍ മറ്റ് ഏരിയകളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് ലിസ്ബണ്‍ , ലണ്ടന്‍ഡറി ഏരിയകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. അവരുടെ കഠിനാധ്വാനത്തിന്റയും പരിശീലനത്തിതന്റെയും പ്രതിഫലനം മത്സരത്തില്‍ ദൃശ്യമായിരുന്നു.
കപ്പിള്‍ഡാന്‍സ് ചിട്ടപ്പെടുത്തിയ സുമിജോണ്‍സണ്‍, അവതാരിക കവിതാ ജോയി എന്നിവര്‍ പ്രത്യേക പ്രശംസ പിടിച്ചു പറ്റി. കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയുരുന്നു. ഗംഭീരമായ ഈസ്റ്റര്‍ സദ്യ പരിപാടിക്ക് മാറ്റ് കൂട്ടി. ജൂണ്‍ 30ന് നടക്കുന്ന യുകെകെസിഎ സമ്മേളനം വിജയിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല