സ്വന്തം ലേഖകന്‍: ബെല്‍ജിയം ചാവേര്‍ സ്‌ഫോടനങ്ങളില്‍ പൊട്ടിത്തെറിച്ചത് സഹോദരന്മാരെന്ന് കണ്ടെത്തല്‍. ഇബ്രാഹിം എല്‍ ബക്കറൂയി, ഖാലിദ് എല്‍ ബക്കറൂയി എന്നീ സഹോദരന്മാരാണ് ചാവേര്‍ ബോംബുകളായി 42 പേരുടെ ജീവനെടുത്തത്. ഇബ്രാഹിം സാവെന്റെം വിമാനത്താവളത്തിലൂം ഖാലിദ് മാല്‍ബീക് മെട്രോ സ്‌റ്റേഷനിലുമാണു പൊട്ടിത്തെറിച്ചത്. വിമാനത്താവളത്തില്‍ 12 പേരും മെട്രോ സ്‌റ്റേഷനില്‍ 30 പേരും കൊല്ലപ്പെട്ടു. രണ്ടിടത്തുമായി ഇരുനൂറ്റമ്പതോളം പേര്‍ക്കു പരുക്കുണ്ട്.
ചാവേറായി ഇവര്‍ക്കൊപ്പം സാവെന്റം വിമാനത്താവളത്തില്‍ എത്തി സ്‌ഫോടനം നടത്താതെ രക്ഷപ്പെട്ട മൂന്നാമന്‍ പിടിയിലായെന്ന് ബെല്‍ജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അറസ്റ്റിലായത് മറ്റൊരാളാണെന്ന് പിന്നീട് തെളിഞ്ഞു. ബക്കറൂയി സഹോദരന്മാര്‍ക്ക് പാരീസ് ആക്രമണത്തില്‍ പങ്കുണ്ടായിരുന്നെന്നാണ് പുതിയ സൂചനകള്‍.
കഴിഞ്ഞ നവംബറിലെ പാരീസ് സ്‌ഫോടനവുമായി നേരിട്ടു ബന്ധമുള്ള നജിം ലാക്കറൂയിയാണ് ഇവര്‍ക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയതെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു തിരിച്ചറിഞ്ഞു. ഐ.എസിന്റെ ബോംബ് നിര്‍മാണ വിദഗ്ധനാണ് ഇയാള്‍. പൊട്ടിത്തെറികള്‍ക്കു ശേഷം ലാക്കറൂയി ഓടിപ്പോകുന്ന ദൃശ്യങ്ങളും അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചു. പാരീസ് ആക്രമണത്തിനുപയോഗിച്ച സ്‌ഫോടക വസ്തുക്കളില്‍ ഇയാളുടെ ഡി.എന്‍.എ. കണ്ടെത്തിയിരുന്നു.
പാരീസ് ആക്രമണത്തിന്റെ പേരില്‍ കഴിഞ്ഞയാഴ്ച പിടിയിലായ സലാഹ് അബ്ദല്‍സലാമിന്റെ സംഘത്തില്‍പ്പെട്ടവരാണ് ബക്കറൂയി സഹോദരന്മാര്‍. അബ്ദല്‍സലാം ഒളിവില്‍ കഴിഞ്ഞിരുന്ന അപ്പാര്‍ട്ട്‌മെന്റ് വ്യാജപ്പേരില്‍ വാടകയ്‌ക്കെടുത്തത് ഖാലിദ് എല്‍ ബക്കറൂയിയായിരുന്നു. അബ്ദല്‍സലാമിന്റെ അറസ്റ്റിന് ഐ.എസിന്റെ പ്രതികാരമാണ് ബ്രസല്‍സ് സ്‌ഫോടനമെന്നാണു നിഗമനം. പാരീസ് ആക്രമണത്തിനു മുമ്പ് ഹംഗറിയിലേക്കുള്ള യാത്രയില്‍ ലാക്കറൂയി അബ്ദല്‍സലാമിനൊപ്പം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ഷാര്‍ബീക്ക് മേഖലയിലെ ഒരു വീട്ടില്‍നിന്ന് ഐ.എസ്. പതാകയും ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും കണ്ടെടുത്തു. ചാവേറുകള്‍ വിമാനത്താവളത്തിലേക്കു പോയ ടാക്‌സി കാറിന്റെ ഡ്രൈവര്‍ നല്‍കിയ സൂചനയാണ് പോലീസിനെ ഷാര്‍ബീക്കിലേക്കു നയിച്ചത്. മൊറോക്കോയില്‍ ജനിച്ച ബെല്‍ജിയംകാരനാണ് അന്വേഷണസംഘം തെരയുന്ന നജിം ലാക്കറൂയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല