സ്വന്തം ലേഖകന്‍: ബല്‍ജിയത്തില്‍ ഭീകരരാക്രമണ പദ്ധതി തകര്‍ത്തു, ഭീകരരില്‍ ഒരാളെ വധിച്ചതായി റിപ്പോര്‍ട്ട്, തെരച്ചില്‍ തുടരുന്നു. പാരിസ് ഭീകരാക്രമണത്തില്‍ പങ്കുള്ളവരെന്ന് കരുതുന്നവര്‍ക്കു വേണ്ടി ഫ്രഞ്ച് പൊലീസും ബെല്‍ജിയന്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരു ഭീകരന് കൊല്ലപ്പെട്ടത്.
മറ്റുള്ളവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 2.30 നാണ് നഗരത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഫോറസ്റ്റ് എന്ന സ്ഥലത്തെ ജനവാസ കേന്ദ്രത്തില്‍ റെയ്ഡ് ആരംഭിച്ചത്. പൊലീസിനുനേര്‍ക്ക് ഉഗ്രശേഷിയുള്ള തോക്ക് ഉപയോഗിച്ച് ഭീകരര്‍ വെടിയുതിര്‍ത്തതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബര്‍ണാഡ് കസീന്യു പറഞ്ഞു.
നാലു തവണയായി നടന്ന വെടിവെപ്പില്‍ നാല് ബെല്‍ജിയന്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചെവിക്ക് വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് ഭീകരര്‍ ഒരു വീടിനകത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്ന് ഫോറസ്റ്റ് മേയര്‍ മാര്‍ക് ജീന്‍ ഗൈസല്സ് പറഞ്ഞു. നഗരത്തില്‍ അതി ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല