കാട്ടിലെ തടി,തേവരുടെ ആന വലിയെടാ വലി എന്ന തരത്തിലാണ് നാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യം.എന്നാല്‍ ഇക്കാര്യത്തില്‍ യു കെയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മോശമല്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ടാവും.പക്ഷെ സംഗതി സത്യമാണ്.ഇത്തവണ ബെനഫിറ്റ് തട്ടിപ്പിന് പിടിക്കപ്പെട്ട ഉദ്യോഗസ്ഥന്‍റെ ജോലി ബെനഫിറ്റ് തട്ടിപ്പുകാരെ പിടിക്കുക എന്നതാണ് ഏറ്റവും വലിയ തമാശ.ലേക്ക് ഡിസ്ട്രികട്ടില്‍ നിന്നുള്ള ഇയാന്‍ ഹാരിസന്‍ ആണ് പ്രതി.
യു കെ യിലെ ബെനഫിറ്റ് സിസ്റ്റം പലരും ദുരുപയോഗം ചെയ്യുന്നുവെന്നും അര്‍ഹതയില്ലാത്തവര്‍ ആയിരക്കണക്കിന് പൌണ്ടുകള്‍ സര്‍ക്കാരില്‍ നിന്നും അടിച്ചു മാറ്റുന്നുവെന്ന പരാതി പണ്ടേ വ്യാപകമാണ്.ഇത്തരത്തില്‍ ബില്ല്യനുകള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചോരുന്നുവെന്നു മനസിലാക്കിയാണ് ഇത്തരക്കാരെ പിടികൂടാന്‍ വേണ്ടി ഒരു പ്രത്യേക വകുപ്പ് തന്നെ സ്ഥാപിച്ചത്.ബെനഫിട്ടുകാരിലെ വ്യാജനമാരെ രഹസ്യമായി പിന്തുടര്‍ന്ന് പിടികൂടുകയാണ് ഈ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ചുമതല.
ഈ ഉദ്യോഗസ്ഥരില്‍ ഒരാളായ ഇയാന്‍ ഹാരിസനാണ് പതിനായിരം പൌണ്ടോളം തട്ടിപ്പ് നടത്തിയതിന് ഇപ്പോള്‍ അകത്തായിരിക്കുന്നത്.പുറത്തിന് വേദനയാണെന്നും ജോലിയെടുക്കാന്‍ കഴിയില്ലെന്നും പറഞ്ഞാണ് ഈ മാന്യദേഹം സര്‍ക്കാര്‍ ബെനഫിറ്റ് അടിച്ചു മാറ്റിയിരുന്നത്.ഇദ്ദേഹത്തിന്‍റെ നീക്കത്തില്‍ സംശയം തോന്നിയ സഹപ്രവര്‍ത്തകര്‍ തന്നെ രഹസ്യമായി നടത്തിയ നിരീക്ഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.സുഖമില്ലെന്ന് പറഞ്ഞയാള്‍ സ്വന്തം ഗാര്‍ഡനില്‍ ജോലി ചെയ്യുന്നതും പട്ടിയെക്കൊണ്ട് നടക്കാന്‍ പോകുന്നുവെന്നും കണ്ടു പിടിച്ചതോടെ കള്ളി പുറത്തായി.കുറ്റം സമ്മതിച്ച ഇയാനെ രണ്ടു വര്‍ഷത്തെ സസ്പെന്‍ഡെഡ് ജയില്‍ ശിക്ഷ നല്‍കിയിരിക്കുകയാണ് ബ്ലാക്ക്പൂള്‍ കോടതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല