സ്വന്തം ലേഖകൻ: ബിനാമി ബിസിനസ് സ്ഥാപനങ്ങളെക്കൂറിച്ച് വിവരം നല്‍കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാണിജ്യ മന്ത്രാലയം അവസരമൊരുക്കി. വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് വിദേശികള്‍ ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങളെക്കൂറിച്ച് അറിയിക്കേണ്ടത്.
പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പുതിയ സേവനത്തെക്കുറിച്ച് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് രാജ്യത്തെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് കൊമേഴ്‌സുകളെ സര്‍ക്കുലര്‍ വഴി അറിയിക്കുകയും ചെയ്തു.
ബിനാമിയാണെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യല്‍ റജിസ്‌ട്രേഷന്‍ വിവരങ്ങള്‍, ബിനാമി ബിസിനസ് നടത്തുന്ന വിദേശികളുടെ ഇഖാമ നമ്പര്‍, അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് നമ്പര്‍, ബിനാമി ബിസിനസ് നടത്താന്‍ വിദേശികള്‍ക്ക് കൂട്ടുനില്‍ക്കുന്ന സൗദി പൗരന്മാരുടെയും ഗള്‍ഫ് പൗരന്മാരുടെയും തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍, സ്ഥാപനത്തിന്റെ പേരുവിവരങ്ങള്‍, പരാതിക്ക് പിന്‍ബലമായ രേഖകളുടെ കോപ്പികള്‍ എന്നിവ സഹിതമാണ് ബിനാമി ബിസിനസ് സ്ഥാപനങ്ങളെക്കുറിച്ച് മറ്റു സ്ഥാപനങ്ങള്‍ പരാതി നല്‍കേണ്ടത്. പരാതി നല്‍കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളും ഇതോടൊപ്പം സമര്‍പ്പിക്കണം.
രാജ്യത്തെ നിയമം ലംഘിച്ചും ഇന്‍വെസ്റ്റര്‍ ലൈസന്‍സ് നേടാതെയും സൗദിയില്‍ ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുക്കുന്ന സ്വദേശികള്‍ക്കും അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമവിരുദ്ധമായി സമ്പാദിക്കുന്ന സമ്പത്ത് കണ്ടുകെട്ടുകയും ചെയ്യും.
സ്ഥാപനങ്ങള്‍ അടപ്പിക്കുകയും കൊമേഴ്‌സ്യല്‍ റജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കുകയും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സൗദി പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തുകയും ചെയ്യും. ബിനാമി ബിസിനസുകളെക്കുറിച്ച് വിവരം നല്‍കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമ ലംഘകരില്‍ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 30 ശതമാനം വരെ പാരിതോഷികമായി കൈമാറുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല