1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2017

സ്വന്തം ലേഖകന്‍: ബേനസീര്‍ ഭൂട്ടോ കൊലപാതക കേസില്‍ പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രസംഗിച്ചു കഴിഞ്ഞ് പുറത്തേക്ക് വന്ന ഭൂട്ടോ സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. രണ്ടു പ്രതികള്‍ക്ക് കോടതി 17 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അഞ്ചു പേരെ കേസില്‍ വെറുതെ വിട്ടു.

ഭീകര സംഘടനയായ ടെഹ്‌രീക് ഐ താലിബാന്‍ പാകിസ്താന്‍ ആണ് ഭൂട്ടോയെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. പാകിസ്ഥാനിലെ നിരോധിത സംഘടനയാണ് ടെഹ്‌രീക് ഐ താലിബാന്‍. ഭൂട്ടോയെ കൊലപ്പെടുത്തിയ അഞ്ച് തീവ്രവാദികളെ പാകിസ്താനിലെ ഒരു മതപുരോഹിതന്‍ അഭിനന്ദിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. ഈ ശബ്ദരേഖ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എഫ്‌ഐഎ) പ്രോസിക്യൂട്ടര്‍ മുഹമ്മദ് അസര്‍ ചൗധരി കോടതിയെ അറിയിച്ചു.

ഇക്കാര്യം കണക്കിലെടുത്താണ് പര്‍വേസ് മുഷറഫിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഭൂട്ടോ കൊലക്കേസില്‍ അന്വേഷണം വഴി തെറ്റിക്കുന്നതിന് മുഷറഫ് വ്യാജ ടെലിഫോണ്‍ സംഭാഷണം കെട്ടിച്ചമച്ചുവെന്നാണ് എഫ്.ഐ.എയുടെ ആരോപണം. തന്നെ രക്ഷിക്കുന്നതിന് വ്യാജമായി കെട്ടിച്ചമച്ച ഫോണ്‍ സംഭാഷണം പര്‍വേസ് മുഷറഫും പാകിസ്താന്‍ നാഷണല്‍ ക്രൈസിസ് മാനേജ്‌മെന്റ് സെല്‍ മുന്‍ ഡയറ്കടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജാവേദ് ഇക്ബാല്‍ ചീമയും ചേര്‍ന്ന് പ്രചരിപ്പിച്ചുവെന്നും എഫ്.ഐ.എ പ്രോസിക്യുട്ടര്‍ കോടതിയെ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.