സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം യുഎഇയിലെ 10,500ലധികം തൊഴിലാളികള്‍ക്ക് പുതുതായി നടപ്പിലാക്കിയ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് പ്രയോജനം ലഭിച്ചതായി യുഎഇ മാനവ വിഭവശേഷി – സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. വിവിധ കാരണങ്ങളാല്‍ തൊഴില്‍ നഷ്ടമാവുന്നവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ് ഈ പദ്ധതി.
രാജ്യത്തുടനീളമുള്ള ഫെഡറല്‍ ഗവണ്‍മെന്റ്, സ്വകാര്യ മേഖലകളിലെ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് എന്ന നിലയില്‍ പദ്ധതി വലിയ വിജയമായി മാറിയെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് സമഗ്രമായ ഒരു സാമൂഹിക സുരക്ഷാ പദ്ധതി എന്ന നിലയില്‍ യുഎഇ ഭരണകൂടം ആരംഭിച്ച തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ഇപ്പോള്‍ ഏകദേശം 90 ലക്ഷം തൊഴിലാളികള്‍ വരിക്കാരാണെന്ന് മന്ത്രാലയം അറിയിച്ചു.
ജോലി നഷ്ടമായ ശേഷമുള്ള മൂന്ന് മാസം വരെ ഒരു വ്യക്തിയുടെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം തുക സാമ്പത്തിക നഷ്ടപരിഹാരമായി നല്‍കുന്നതാണ് ഈ പദ്ധതി. തൊഴില്‍ നഷ്ടമായ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്തുന്നതിനും അതുവരെയുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നതിനും ഏറെ സഹായകമാവുന്ന പദ്ധതിയാണിത്. ഇത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ജീവനക്കാരെ പിന്തുണയ്ക്കുന്നതിനും സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ അവരെ സഹായിക്കുന്നതിനുമുള്ള യുഎഇ സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പദ്ധതിയെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.
രണ്ട് വിഭാഗമായാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. 16,000 ദിര്‍ഹമോ അതില്‍ കുറവോ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജീവനക്കാരില്‍ നിന്ന് പ്രതിമാസം 5 ദിര്‍ഹം സബ്സ്‌ക്രിപ്ഷന്‍ ഫീസാണ് ഈടാക്കുക. ഇവര്‍ക്ക് തൊഴില്‍ നഷ്ടമായാല്‍ പരമാവധി പ്രതിമാസ നഷ്ടപരിഹാരമായി 10,000 ദിര്‍ഹം ലഭിക്കും. 16,000 ദിര്‍ഹത്തിന് മുകളില്‍ അടിസ്ഥാന ശമ്പളം നേടുന്ന ജീവനക്കാര്‍ക്കുള്ളതാണ് രണ്ടാമത്തെ വിഭാഗം. പ്രതിമാസം 10 ദിര്‍ഹമാണ് സബ്സ്‌ക്രിപ്ഷന്‍ ഫീസായി ഇവരില്‍ നിന്ന് ഈടാക്കുന്നത്. ഈ വിഭാഗത്തിന് നല്‍കുന്ന പരമാവധി പ്രതിമാസ നഷ്ടപരിഹാരം 20,000 ദിര്‍ഹമാണ്.
തൊഴിലാളികള്‍ക്ക് ചുരുങ്ങിയത് തുടര്‍ച്ചയായ 12 മാസത്തെ സബ്സ്‌ക്രിപ്ഷന്‍ കാലയളവ് ഉണ്ടായിരിക്കണമെന്നതാണ് നഷ്ടപരിഹാരത്തിനുള്ള യോഗ്യതകളിലൊന്ന്. അച്ചടക്ക നടപടിയുടെ പേരിലാവരുത് ജോലി നഷ്ടമെന്നും നിബന്ധനയുണ്ട്. പല തവണകളിലായി ഒരാള്‍ക്ക് പരമാവധി 12 മാസം മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. നിക്ഷേപകര്‍, വീട്ടുജോലിക്കാര്‍, താല്‍ക്കാലിക കരാര്‍ ജീവനക്കാര്‍, 18 വയസ്സിന് താഴെയുള്ള വ്യക്തികള്‍, വിരമിച്ചതിന് ശേഷം ജോലിയില്‍ തിരിച്ചെത്തിയവര്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ തൊഴിലില്ലായ്മാ പദ്ധതിയുടെ ഭാഗമാവണം എന്നാണ് നിയമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല