1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2024

സ്വന്തം ലേഖകൻ: വിദേശ റിക്രൂട്ട്‌മെന്റുകള്‍ കൂടുതല്‍ കര്‍ശനമാക്കുകയും കുടിയേറ്റ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്യുമ്പോള്‍ ബ്രിട്ടനിലെത്തിയ വിദേശ നഴ്സുമാര്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ബ്രിട്ടനിലെത്തി ആദ്യ അഞ്ചു വര്‍ഷക്കാലം യാതൊരുവിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല എന്ന നിയമമാണ് ഇവര്‍ക്ക് ദുരിതങ്ങള്‍ സമ്മാനിക്കുന്നത്.

അതുമൂലം പലപ്പോഴും ഇവര്‍ക്ക് കടം വാങ്ങേണ്ടതാായും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ജീവിതം മുന്‍പോട്ട് കൊണ്ടു പോകേണ്ടതായും വരുന്നു. പലപ്പോഴും ആവശ്യത്തിന് ഭക്ഷണം തന്നെ ലഭിക്കാത്ത സാഹചര്യവും ഉണ്ടാകുന്നു. റോയല്‍ കോളേജ് ഓഫ് നഴ്സിഗി (ആര്‍ സി എന്‍) ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് യു കെയില്‍ എത്തിയ വിദേശ നഴ്സുമാരുടെ ദുരിതങ്ങള്‍ എടുത്തു പറയുന്നത്.

നഴ്സുമാര്‍ യു കെയില്‍ എത്തുന്നത് താത്ക്കാലിക വീസയിലാണ്. അതുകൊണ്ടു തന്നെ പൊതു ഫണ്ടില്‍ അവര്‍ക്ക് ഒരു അവകാശവും ലഭിക്കില്ല. ഈ നിയമം കാരണം അവര്‍ക്ക് ചൈല്‍ഡ് ബെനെഫിറ്റ്, ഹൗസിംഗ് ബെനെഫിറ്റ്, യൂണിവേഴ്സല്‍ ക്രെഡിറ്റ് എന്നിവ ചുരുങ്ങിയത് ആദ്യത്തെ അഞ്ചു വര്‍ഷക്കാലത്തേക്കെങ്കിലും അപേക്ഷിക്കാന്‍ കഴിയാതെ വരുന്നു.

ബ്രിട്ടനിലെത്തി അഞ്ച് വര്‍ഷം കഴിഞ്ഞ് ഇന്‍ഡെഫെനിറ്റ് ലീവിന് അപേക്ഷിച്ചതിന് ശേഷം മാത്രമേ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളു. ഇന്‍കം ടാക്സും, നാഷണല്‍ ഇന്‍ഷുറന്‍സും നല്‍കിയതിനു ശേഷവും വിദേശ നഴ്സുമാര്‍ക്ക് ഈ നിയമം മൂലം ആനുകൂല്യങ്ങള്‍ ലഭിക്കില്ല എന്നത് കടുത്ത അനീതിയാണെന്നാണ് ആര്‍ സി എന്‍ പറയുന്നത്. ഈ നിയമം എടുത്തു കളയണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

3000 ഓളം വിദേശ നഴ്സുമാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയെ ആസ്പദമാക്കി രൂപീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്, യു കെയില്‍ ജോലി ചെയ്യാന്‍ വന്നു എന്നതിന് വിദേശ നഴ്സുമാരെ ശിക്ഷിക്കൂയാണ് എന്നാണ്. മാത്രമല്ല, ഇത് ഒരുപക്ഷെ വിദേശ നഴ്സുമാര്‍ കൂട്ടത്തോടെ എന്‍ എച്ച് എസ്സ് വിട്ടുപോകുന്നതിനും ഇടയാക്കിയേക്കും എന്നും ആര്‍ സി എന്‍ പറയുന്നു.

ഇതിനോടകം തന്നെ കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന എന്‍ എച്ച് എസ്സില്‍ ഇപ്പോള്‍ തന്നെ നഴ്സുമാരുടെ 40,000 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. കൂടുതല്‍ പേര്‍ വിട്ടുപോയാല്‍ എന്‍ എച്ച് എസ്സിന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.