രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലകളിലേക്ക് സംഭാവനകള്‍ നല്‍കുന്നവര്‍ക്കും ഒപ്പം ജോലിക്കായി എത്തുന്നവര്‍ക്കും മാത്രം ബെനിഫിറ്റുകള്‍ നല്‍കാന്‍ തക്കവണ്ണം നിയമങ്ങള്‍ പരിഷ്‌കരിക്കാനാണ് നീക്കം നടക്കുന്നത്. ഇതിനായി ഗാരിലിംഗ് മന്ത്രിസഭിയിലെ മറ്റ് അംഗങ്ങളുടെ മീറ്റിങ്ങ് വിളിച്ചിട്ടുണ്ട്. നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് യൂറോപ്യന്‍ കമ്മീഷനോടും യൂറോപ്യന്‍ കോര്‍ട്ടിനോടും ആവശ്യപ്പെടും. ബള്‍ഗേറിയ. ചെക്ക് റിപ്പബഌക്ക്, എസ്റ്റോണിയ, ഐയര്‍ലാന്‍ഡ്, മാള്‍ട്ട, ഹോളണ്ട്, പോളണ്ട്, സ്ലോവാക്യ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി മന്ത്രിമാരും യൂറോപ്യന്‍ കമ്മീഷന്റെ പ്രതിനിധികളുമാണ് ലണ്ടന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ആനുകൂല്യങ്ങള്‍ക്ക് മാത്രമായി ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കുടിയേറുന്നതിനെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് ഗാരിലിംഗ് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളിലിലെല്ലാം തന്നെ ബെനിഫിറ്റ് ടൂറിസം തടയാനുളള നിയമനിര്‍മ്മാണം നടത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാകണമെന്നും ഗാരിലിംഗ് ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് യൂറോപ്യന്‍ യൂണിയനില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും കുടിയേറുന്ന ആളുകളുടെ അവകാശങ്ങളെ ഹനിക്കില്ലെന്ന് ഗാരിലിംഗ് വ്യക്തമാക്കി. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായി കുടിയേറുന്നവര്‍ക്കും റെസിഡന്‍സ് ടെസ്റ്റ് പാസ്സാകുന്നവര്‍ക്കും ബെനിഫിറ്റുകള്‍ക്ക് പഴയതുപോലെ തന്നെ അവകാശമുണ്ടായിരിക്കും. എന്നാല്‍ ബെനിഫിറ്റുകള്‍ക്കായി മാത്രം ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കുടിയേറുന്നവര്‍ക്കാണ് നിയന്ത്രണമുണ്ടാവുക.
ലാറ്റ്‌വിയന്‍ വംശജയായ ഗലീന പാറ്റ്മാല്‍നീസിന്റെ മാസ പെന്‍ഷന്‍ അന്‍പത് പൗണ്ടില്‍ നിന്ന് ബ്രട്ടീഷ് പെന്‍ഷന്‍ ക്രഡിറ്റ് തുകയായ ആഴ്ചയില്‍ 133 പൗണ്ടിലേക്ക് ഉയര്‍ത്താനുളള തീരുമാനമാണ് വീണ്ടും ബെനിഫിറ്റ് ടൂറിസം വിവാദങ്ങളില്‍ നിറയാന്‍ കാരണം. പന്ത്രണ്ട് വര്‍ഷം മുന്‍പ് യൂകെയിലേക്ക് കുടിയേറിയ ഗലീന റെസിഡന്‍സ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നതിനെ തുടര്‍ന്ന് ബെനിഫിറ്റിനുളള അപേക്ഷ യുകെ സുപ്രീംകോടതി നിരസിച്ചിരുന്നു.
യുകെയിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ ജോലിക്കാരിയായി എത്തിയ ഗലീനയെ അഗതികളുടെ കൂട്ടത്തില്‍ പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യം ഗവണ്‍മെന്റ് നിരസിച്ചതിനെ യൂറോപ്യന്‍ കമ്മീഷന്‍ ചോദ്യം ചെയ്തിരുന്നു. യുകെയുടെ നടപടി പൗരത്വത്തിന്റെ അടിസ്ഥാനത്തിലുളള വിവേചനമാണന്നും യൂറോപ്യന്‍ കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല