സ്വന്തം ലേഖകൻ: കനത്ത നാശനഷ്ടങ്ങള്‍ വിതച്ച് റെമാല്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ കരതൊട്ടു. കനത്ത മഴയിലും കാറ്റിലും ഭിത്തി ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ഞായറാഴ്ച രാത്രിയോടെ പശ്ചിമബംഗാളിന്റെയും ബംഗ്ലാദേശിന്റെയും തീരപ്രദേശത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്.
കനത്ത നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് രണ്ടുസ്ഥലങ്ങളിലും വരുത്തിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റ് ഏതുസമയത്തും കരതൊടാം എന്ന് അറിയിപ്പിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ കൊല്‍ക്കത്തയില്‍ പുനഃരാരംഭിച്ചു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് പതിയെ ഇല്ലാതാകുമെന്ന് ഐ.എം.ഡി. അറിയിച്ചു. കനത്ത കാറ്റിലും മഴയിലും ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റ് അപകടങ്ങളോ ജനങ്ങള്‍ക്ക് പരിക്കോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കനത്ത മഴ തുടുരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍നിന്നും മറ്റ് അപകട മേഖലകളില്‍നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നത് തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരുലക്ഷത്തിലധികം ജനങ്ങളെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് കണക്ക്.
ഞായറാഴ്ച രാത്രി 8.30-ഓടെ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപറയിലുമായി മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല