സ്വന്തം ലേഖകൻ: നഗരത്തിലെ രാമേശ്വരം കഫേയിൽ സ്ഫോടനം. സ്ഫോടനത്തിൽ 9 പേർക്ക് പരിക്കേറ്റതായി കർണാടക ആഭ്യന്തര മന്ത്രി ഡോ ജി പരമേശ്വര സ്ഥിരീകരിച്ചു. അതേ സമയം ഹോട്ടലിനുള്ളിൽ നടന്ന പൊട്ടിത്തെറിയിൽ ചില അഭ്യൂഹങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ് പുറത്തുവന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങളെന്ന് വാതക ചോർച്ചയാണ് അപകടത്തിന് കാരണമെന്നത് നിരസിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഒരാൾ കഫേയിൽ ഒരു ബാഗ് സൂക്ഷിക്കുന്നത് കണ്ടതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. “ഇത് ഉയർന്ന തീവ്രതയുള്ള സ്ഫോടനമല്ലെങ്കിലും, ഗൗരവകരമായി കാണേണ്ടത് തന്നെയാണ്” മാധ്യമപ്രവർത്തകരോട് അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റ ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലെ തിരക്കേറിയ കഫേയാണ് രാമേശ്വരം കഫേ.
കിഴക്കൻ ബെംഗളൂരുവിലെ തിരക്കേറിയ കഫേയിൽ ഉച്ചയ്ക്ക് 1:30 ഓടെയാണ് സ്ഫോടനം നടന്നത്, തിരക്കേറിയ ഉച്ചഭക്ഷണ സമയത്താണ് അപകടം സംഭവിച്ചത് എന്നതിനാൽ ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്നാണ് വിവരം. സമീപത്തെ ഓാഫീസുകളിൽ നിന്നടക്കമുള്ള ആളുകൾ ഈ സമയത്ത് കഫേയിലുണ്ടായിരുന്നു.
പരിക്കേറ്റ ഒമ്പത് പേരിൽ ഹോട്ടലിലെ ജീവനക്കാരും ഒരു സ്ത്രീയും ഉൾപ്പെടുന്നുവെന്ന് പ്രാദേശിക കന്നഡ വാർത്താ ചാനലായ ടിവി9 റിപ്പോർട്ട് ചെയ്യുന്നു. എച്ച്എഎൽ, വൈറ്റ്ഫീൽഡ്, ഇന്ദിരാനഗർ പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലം അന്വേഷണ സംഘം സീൽ ചെയ്തു.
ബംഗളൂരു നഗരത്തിലെ പ്രശസ്തമായ ഭക്ഷണശാലകളിൽ ഒന്നാണ് രാമേശ്വരം കഫേ. രാവിലെ 6 മണി മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന കഫേയ്ക്ക് നഗരത്തിൽ മൂന്ന് ബ്രാഞ്ചുകളാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല