സ്വന്തം ലേഖകൻ: ബെംഗളൂരു-ചെന്നൈ യാത്രാസമയം മൂന്നുമണിക്കൂറോളം കുറയ്ക്കുന്ന അതിവേഗപാതയുടെ നിർമാണം അവസാനഘട്ടത്തിൽ. മാസങ്ങൾക്കകം പാത യാത്രക്കാർക്കായി തുറന്നുകൊടുത്തേക്കും. ഈ വർഷം അവസാനമോ അടുത്ത ജനുവരിയിലോ പാത തുറന്നുകൊടുക്കുമെന്നാണ് കഴിഞ്ഞദിവസം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചത്. 2024 മാർച്ചിൽ തുറന്നുകൊടുക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. 17,000 കോടി രൂപ ചെലവിട്ടാണ് 285.3 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി അതിവേഗപാത യാഥാർഥ്യമാക്കുന്നത്.
നിലവിൽ ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് റോഡുമാർഗം സഞ്ചരിക്കാൻ ശരാശരി അഞ്ചുമുതൽ ആറുമണിക്കൂർവരെ വേണ്ടിവരുന്നുണ്ട്. പുതിയ പാത വരുന്നതോടെ ഇത് രണ്ടുമണിക്കൂർ മുതൽ മൂന്നുമണിക്കൂർ വരെയായി ചുരുങ്ങും. പരമാവധി 120 കിലോമീറ്റർ വേഗമായിരിക്കും അനുവദിക്കുകയെന്നാണ് വിവരം. പതുക്കെപ്പോകുന്ന വാഹനങ്ങളെയും ബൈക്കുകൾ, ഓട്ടോകൾ എന്നിവയെയും പാതയിൽ അനുവദിച്ചേക്കില്ല.
ദക്ഷിണേന്ത്യയിലെ വമ്പൻ നിർമാണ പ്രവർത്തനങ്ങളിലൊന്നായ ബെംഗളൂരു-ചെന്നൈ അതിവേഗപാത കർണാടകത്തിൽ ഹൊസ്‌കോട്ടെ, മാലൂർ, ബംഗാർപേട്ട്, കോലാർ തുടങ്ങിയ നഗരങ്ങളും ആന്ധ്രാപ്രദേശിൽ ചിറ്റൂർ, പലമനെർ എന്നീ നഗരങ്ങളും കടന്നാണ് തമിഴ്‌നാട്ടിലെത്തുക. കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ നഗരങ്ങളുടെ സാമ്പത്തികവികസനത്തിനും ഈ പാത വഴി വെക്കുമെന്നാണ് വിലയിരുത്തൽ. കർണാടകത്തിലെയും ആന്ധ്രാപ്രദേശിലെയും വ്യവസായഹബ്ബുകളെ ചെന്നൈ തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനും പാത ഉപകരിക്കും.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) നിർമിക്കുന്ന 26 പരിസ്ഥിതിസൗഹൃദ അതിവേഗപാതകളിലൊന്നാണിത്. മൂന്നുഘട്ടമായാണ് നിർമാണം നടക്കുന്നത്. 2022 മേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം ചെന്നൈയിൽ പാതയുടെ നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു. പാത യാഥാർഥ്യമാകുന്നതോടെ ഈ റൂട്ടിൽ കൂടുതൽ സ്ലീപ്പർ കോച്ച് ബസുകൾക്കും ആഡംബരബസുകൾക്കും സർവീസ് നടത്താനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല