സ്വന്തം ലേഖകന്‍: ആംബുലന്‍സ് കടന്നു പോകാന്‍ രാഷ്ട്രപതിയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയ ബംഗളുരു ട്രാഫിക് പോലീസുകാരനു കിട്ടിയ സമ്മാനം. മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനത്തിനായില ശനിയാഴ്ച ബംഗലൂരിവില്‍ എത്തിയ രാഷ്ട്രപതിയുടെ വാഹന വ്യൂഹം മെട്രോ ഉദ്ഘാടനം കഴിഞ്ഞ് രാജ്ഭവനിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹന വ്യൂഹത്തെ ഒരു ആംബുലന്‍സിന് കടന്നുപോകുന്നതിനു വേണ്ടിയാണ് ട്രാഫിക് പോലീസ് സബ് ഇന്‍സ്‌പെക്ടറായ എം.എല്‍ നിജലിംഗപ്പ തടഞ്ഞു നിര്‍ത്തിയത്.
സംഭവം മേലുദ്യോഗസ്ഥര്‍ അറിഞ്ഞതോടെ നിജലിംഗപ്പയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ട്വിറ്ററിലൂടെയും മേലുദ്യോഗസ്ഥര്‍ അഭിനന്ദനം അറിയിച്ചതോടെ സമൂഹ മാധ്യമങ്ങളിലും നിജലിംഗപ്പ വൈറലായി. ഇത്തരം ഉദ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും പാരിതോഷികം നല്‍കേണ്ടതാണെന്നും കമ്മീഷണര്‍ പ്രവീണ്‍ സൂദ് ട്വീറ്റ് ചെയ്തു. ബംഗലൂരു ട്രിനിറ്റി സര്‍ക്കിളില്‍ നിജലിംഗപ്പയുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കിയിരുന്നത്.
വാഹനങ്ങളെയെല്ലാം റോഡില്‍ നിന്ന് ഒഴിവാക്കി കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. പെട്ടെന്നാണ് സമീപത്തുള്ള എച്ച്എഎല്‍ ആശുപത്രിയിലേക്ക് രോഗിയുമായി ആംബുലന്‍സ് എത്തിയത്. ആംബുലന്‍സ് പരിശോധിച്ച നിജലിംഗപ്പ രാഷ്ട്രപതിയുടെ വാഹനത്തിനും സഹപ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി തടഞ്ഞ ശേഷം ആംബുലന്‍സ് കടത്തിവിടുകയായിരുന്നു. തൊട്ടു പിന്നാലെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തേയും അദ്ദേഹം കടത്തിവിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല