സ്വന്തം ലേഖകന്‍: ബംഗലുരുവില്‍ നഴ്സിംഗ് വിദ്യാര്‍ഥിനി റാഗിംഗിനിരയായ സംഭവം, കോളേജ് അധികൃതര്‍ സംശയത്തിന്റെ നിഴലില്‍. സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിംഗിനിരയായി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തില്‍ കോളേജ് അധികൃതരുടെ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി.
അവശനിലയില്‍ ബസവേശ്വര ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ഡോക്ടര്‍മാരുടെ ഉപദേശം മറികടന്ന് കോളേജ് അധികൃതര്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നെന്ന് ബസവേശ്വര ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നും എല്ലാം പൂര്‍ണ്ണമായും സുഖപ്പെട്ട ശേഷമാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തതെന്നുമായിരുന്നു കോളേജ് അധികൃതരുടെ വാദം.
കേസില്‍ കര്‍ണാടക പോലീസ് ഇതുവരെ പെണ്‍കുട്ടിയുടെ മൊഴിയെടുത്തില്ല. കേസ് റജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കാതെ ആശുപത്രി ലാബിലാണ് പെണ്‍കുട്ടിയെ കുടിപ്പിച്ചെന്ന് പറയുന്ന ലായനി പരിശോധിച്ചത്. അതിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ വധഭീഷണിയെ ഭയന്നാണ് ചികിത്സ പൂര്‍ത്തിയാക്കാതെ പെണ്‍കുട്ടിക്ക് നാട്ടിലേക്ക് മടങ്ങിയതെന്ന് പെണ്‍കുട്ടിയുടെ അമ്മാവനും പറഞ്ഞു. കോളേജ് അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല