സ്വന്തം ലേഖകൻ: ജലക്ഷാമം നേരിടാന്‍ കടുത്ത നടപടികളിലേക്ക് കടന്ന് ബെംഗളൂരു നഗരസഭാ അധികൃതര്‍. വാഹനം കഴുകാനും പൂന്തോട്ടം നനയ്ക്കാനും ശുദ്ധജലം ഉപയോഗിക്കരുതെന്ന നിര്‍ദേശത്തിനൊപ്പം ശുദ്ധീകരിച്ച വെള്ളം നീന്തല്‍ക്കുളങ്ങളിലും ഉപയോഗിക്കരുതെന്ന നിര്‍ദേശം കൂടി ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് (ബിഡബ്ല്യുഎസ്എസ്ബി) നല്‍കിക്കഴിഞ്ഞു. ബിഡബ്ല്യുഎസ്എസ്ബി വിതരണം ചെയ്യുന്നതോ കുഴല്‍ക്കിണറുകളില്‍ നിന്നുള്ളതോ ലഭ്യമായ വെള്ളം നീന്തല്‍ക്കുളങ്ങളില്‍ ഉപയോഗിക്കുന്നത് പിഴ ചുമത്താന്‍ ഇടയാക്കും. നിര്‍ദേശം ലംഘിക്കുന്നപക്ഷം ആദ്യതവണ 5000 രൂപയും തുടര്‍ന്നുള്ള ലംഘനങ്ങള്‍ക്ക് പ്രതിദിനം 500 രൂപകൂടി അധികമായി പിഴ നല്‍കേണ്ടിവരും.
നിലവില്‍ കുഴല്‍ക്കിണറുകളില്‍ നിന്നാണ് നീന്തല്‍ക്കുളങ്ങളിലേക്കാവശ്യമായ ജലം നിറയ്ക്കുന്നത്. കുഴല്‍ക്കിണറുകളില്‍ നിന്ന് വെള്ളമെടുക്കരുതെന്ന നിര്‍ദേശം നിലവില്‍ വന്നതോടെ ശുചിയാക്കിയ വെള്ളം മാത്രം നീന്തല്‍ക്കുളങ്ങളില്‍ ഉപയോഗിക്കാവുന്ന സ്ഥിതിവരും. എന്നാല്‍ ശുചിയാക്കിയ വെളളം കുടിക്കാനും പാചകആവശ്യങ്ങള്‍ക്കും മാത്രം ഉപയോഗിക്കാവുന്ന നിലവിലെ വ്യവസ്ഥയില്‍ നഗരത്തിലെ നീന്തല്‍ക്കുളങ്ങള്‍ അടച്ചിടേണ്ടിവരും.
കാറുകള്‍ കഴുകുന്നതിനോ പൂന്തോട്ടം നനയ്ക്കുന്നതിനോ ജലധാരകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനോ റോഡ് നിര്‍മാണത്തിനോ പരിപാലനത്തിനോ കുടിവെള്ളം ഉപയോഗിക്കുന്നതിന് കര്‍ണാടക വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ മൂന്ന്-നാല് പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് ഇത്തരമൊരു ജലപ്രതിസന്ധി ബെംഗളൂരു അഭിമുഖീകരിക്കുന്നതെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ഇതാദ്യമായാണ് ഇത്രയധികം താലൂക്കുകളെ വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനധികൃത കുഴല്‍ക്കിണര്‍ ഖനനങ്ങള്‍ക്കെതിരേ നിയമനടപടിയുണ്ടാകുമെന്നും ജല അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുഴല്‍ക്കിണര്‍ നിര്‍മിക്കാനാഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 15 മുതല്‍ ഒൗദ്യോഗിക വെബ്‌സൈറ്റിലൂടെ അനുമതിക്കായി അപേക്ഷ നല്‍കണമെന്ന് ബിഡബ്ല്യുഎസ്എസ് ഉത്തരവ് പുറത്തിറക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കിണര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മാത്രമായിരിക്കും അനുമതി നല്‍കുന്നതെന്നും ഉത്തരവില്‍ പറയുന്നു.
ജലക്ഷാമം രൂക്ഷമായതോടെ ബെംഗളൂരുവില്‍നിന്ന് ടെക്കികള്‍ തങ്ങളുടെ പട്ടണങ്ങളിലേക്ക് താത്ക്കാലികമായി മടങ്ങിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. മിക്ക കമ്പനികളും വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചിരിക്കുന്നതിനാല്‍ പലരും ബെംഗളൂരുവില്‍നിന്ന് മാറി നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐടി കമ്പനികളില്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കണമെന്നുള്ള അഭ്യര്‍ഥനകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലഭിക്കുന്നുണ്ട്. നഗരത്തിലെ 13,900 കുഴല്‍ക്കിണറുകളില്‍ 6,900 എണ്ണം ഉപയോഗശൂന്യമായതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ബെംഗളൂരു നഗരവികസനത്തിന്റെ ചുമതല കൂടി നിര്‍വഹിക്കുന്ന ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
ബെംഗളൂരുവിന്റെ തെക്കന്‍ മേഖലയില്‍ ജലക്ഷാമം താരതമ്യേന കുറവാണ്. 2023 ല്‍ വരെ കുറവ് മഴ മാത്രമാണ് കര്‍ണാടകയ്ക്ക് ലഭിച്ചത്. നിലവില്‍ ടാങ്കറുകളിലും മാറ്റും വെള്ളമെത്തിക്കാനുള്ള നടപടികള്‍ അധികൃതര്‍ ചെയ്തിട്ടുണ്ട്. എങ്കിലും പലയിടങ്ങളിലും ആവശ്യമായ ജലത്തിന്റെ നാലിലൊന്ന് മാത്രമാണ് എത്തിച്ചേരുന്നതെന്നുള്ള പരാതികള്‍ നിലനില്‍ക്കുന്നുണ്ട്.
കാവേരി നദിയില്‍നിന്നുള്ള ജലവും ഭൂഗര്‍ഭജലവുമാണ് ബെംഗളൂരുവിന്റെ രണ്ട് ജലസ്രോതസ്സുകള്‍. കുടിവെള്ളത്തിനൊഴികെ മലിനജല ശുചീകരണപ്ലാന്റില്‍ നിന്നുള്ള പുനചംക്രമണജലമാണ് വിവിധആവശ്യങ്ങള്‍ക്കായി നഗരവാസികള്‍ ഉപയോഗിക്കുന്നത്. 2600-2800 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരു ദിവസം ബെംഗളൂരുവില്‍ ആവശ്യമായുള്ളത്. എന്നാല്‍ നിലവില്‍ അതിന്റെ പകുതി അളവ് മാത്രമാണ് ലഭ്യമാക്കുന്നത്. ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും ജലദൗര്‍ലഭ്യം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല