സ്വന്തം ലേഖകന്‍: ചേതന്‍ ഭഗത്തിന്റെ ‘ദ വണ്‍ ഇന്‍ഡ്യന്‍ ഗേള്‍’ എന്ന പുസ്തകത്തിനു നേരെ കോപ്പിയടി ആരോപണവുമായി ബെംഗളുരു എഴുത്തുകാരി. അന്‍വിതാ ബാജ്‌പേയി എന്ന എഴുത്തുകാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. തന്റെ ഡ്രോയിങ് പാരലല്‍സ് എന്ന കഥയിലെ കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍, വൈകാരിക അന്തരീക്ഷം എന്നിവ ചേതന്‍ കോപ്പിയടിച്ചെന്നാണ് അന്‍വിതയുടെ ആരോപണം.
‘2014 ലെ ബെംഗളുരു സാഹിത്യോത്സവത്തില്‍ വച്ച് ഡ്രോയിങ് ലൈന്‍സ് എന്ന കഥ ഉള്‍പ്പെട്ട കഥാസമാഹാരം ലൈഫ് ഓഡ്‌സ് ആന്‍ഡ് എന്‍ഡ്‌സ് ചേതനു നല്‍കിയിരുന്നു. പുസ്തകത്തെ കുറിച്ചുള്ള അഭിപ്രായം ആരായുന്നതിന്റെ ഭാഗമായാണ് ചേതനു നല്‍കിയതെന്നും അന്‍വിത പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അന്‍വിത ചേതനെതിരെ ആരോപണം ഉന്നയിച്ചത്.
2016 ഒക്ടോബറിലാണ് ദവണ്‍ ഇന്‍ഡ്യന്‍ ഗേള്‍ വിപണിയിലെത്തിയത്. പുസ്തകത്തിന്റെ വില്‍പന നിര്‍ത്തി വയ്ക്കണമെന്നും നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ഈ വര്‍ഷം ഫെബ്രുവരി 22 ന് അന്‍വിത ചേതന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ചേതന്‍ ഭഗത്ത് നിഷേധിക്കുകയും തുടര്‍ന്ന് അന്‍വിത ബെംഗളുരുവിലെ കോടതിയില്‍ കേസ് കൊടുക്കുകയും ചെയ്തു.
തുടര്‍ന്ന് നിലവില്‍ ആറുമാസത്തേക്ക് പുസ്തകത്തിന്റെ വില്‍പന നിര്‍ത്തി വയ്ക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. കോടതി ഇന്‍ജക്ഷന്‍ അനുവദിച്ചതിനു ശേഷമുള്ള അന്‍വിത ബാജ്‌പേയിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് ചേതന്‍ പ്രതികരിച്ചു. തന്റെ എല്ലാ കഥകളും മൗലികമാണെന്നും ദ വണ്‍ ഇന്‍ഡ്യന്‍ ഗേളും അതില്‍നിന്ന് വ്യത്യസ്തമല്ലെന്നും ചേതന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല