1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2023

സ്വന്തം ലേഖകൻ: തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് ഭാഗികമായി പുരോഗമിക്കുന്നു. കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴ്നാട്ടിൽ നിന്നുള്ള ബസുകൾ ഉൾപ്പെടെ ബന്ദ് അനുകൂലികൾ തടയുന്നുണ്ട്. കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ വൈകിട്ട് 6 മണി വരെ സർവീസ് നിർത്തിവെച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. ബെംഗളുരുവിലെ ഓട്ടോ-ടാക്സി യൂണിയനുകളും സർക്കാർ, സ്വകാര്യ ബസ് യൂണിയനുകളും ഇന്നത്തെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ, ഇന്ന് നടക്കുന്ന ബന്ദിനെ അനുകൂലിക്കുന്നില്ലെന്നും, സെപ്റ്റംബർ 29 ന് കർണാടകയിൽ സംസ്ഥാനവ്യാപക ബന്ദ് നടത്തുമെന്നും കന്നഡ ഒക്കൂട്ടയെന്ന കന്നഡ ഭാഷാ കൂട്ടായ്മയും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സംഘാടകരോട് അഭ്യർത്ഥിച്ചു. നഗരത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി കമ്മിഷണർ ബി ദയാനന്ദ അറിയിച്ചു.

ആദ്യം ഹോട്ടലുകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ച ബ്രുഹത് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് പിസി റാവു പിന്നീട് ബന്ദിന് പിന്തുണ നൽകുമെന്നും എന്നാൽ പ്രവർത്തനം തുടരുമെന്നും അറിയിച്ചു. ബെംഗളൂരു ബന്ദ് തങ്ങളുടെ സേവനങ്ങളെ ബാധിക്കില്ലെന്ന് ഓല യൂബർ ഡ്രൈവേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് തൻവീർ പാഷ അറിയിച്ചു, സെപ്റ്റംബർ 29 ലെ കർണാടക ബന്ദിന് പിന്തുണ നൽകുമെന്ന് അറിയിച്ചു.

ബന്ദ് ആഹ്വാനങ്ങളെയൊന്നും പിന്തുണയ്ക്കില്ലെന്നും തമിഴ്നാടിന് വെള്ളം വിട്ടുനൽകുന്നതിന് എതിരായ പോരാട്ടം തുടരുമെന്നും കന്നഡ അനുകൂല സംഘടനയായ കർണാടക സംരക്ഷണ വേദികെ അറിയിച്ചു. ബെംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഉപരോധിക്കാൻ ചൊവ്വാഴ്ച റാലി നടത്തുമെന്ന് വേദികെ പ്രസിഡന്റ് ടി വി നാരായണ ഗൗഡ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.