1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2022

സ്വന്തം ലേഖകൻ: അതിശക്തമായ മഴയിൽ മുങ്ങിയ ബെംഗളൂരു നഗരത്തിലെ ജനജീവിതം താറുമാറായി. ഗതാഗതം, വൈദ്യുതി, കുടിവെള്ളം അങ്ങനെ അത്യാവശ്യകാര്യങ്ങളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. അപകടം ഭയന്ന് ഐടി ജീവനക്കാർ സ്വന്തം വാഹനങ്ങൾ ഉപേക്ഷിച്ച് ട്രാക്ടറിൽ കയറിയാണ് ജോലിക്ക് പോകുന്നത്. മഴയുടെ പേരുംപറഞ്ഞ് കൂടുതൽ ദിവസം ലീവ് എടുക്കാനാകില്ലെന്നും തങ്ങളുടെ ജോലിയെ അത് ബാധിക്കുമെന്നും ഐടി ജീവനക്കാരി വ്യക്തമാക്കുന്നു. ട്രാക്ടർ യാത്രയ്ക്ക് 50 രൂപയാണ് ഈടാക്കുന്നത്. ടെക്കികളുടെ ട്രാക്ടർ യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, നഗരത്തിലെ വെള്ളം വറ്റിക്കാനും മറ്റുപ്രവർത്തനങ്ങൾക്കുമായി 1,800 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മാണ്ഡ്യയിലെ പമ്പ്ഹൗസിൽ വെള്ളം കയറിയതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു. പമ്പ്ഹൗസ് വൃത്തിയാക്കുകയാണെന്നും 8,000 കുഴൽക്കിണറുകളിലെ വെള്ളം ദുരിതബാധിത പ്രദേശങ്ങളിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഴൽക്കിണറില്ലാത്ത പ്രദേശങ്ങളിൽ ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ 430 വീടുകൾ പൂർണമായും 2,188 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. 225 കിലോമീറ്റർ റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുത തൂണുകൾ എന്നിവയും തകർന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും വെള്ളക്കെട്ടിൽ മുങ്ങി നഗരത്തിൽ ജനജീവിതം ‌നരകതുല്യമായി. താഴ്ന്ന പ്രദേശങ്ങളും പ്രധാന പാതകളും ഉൾപ്പെടെ മുങ്ങി. മിക്കയിടങ്ങളിലും നഗരഗതാഗതം സ്തംഭിച്ചു. സംസ്ഥാന ദുരന്തനിവാരണ സേനയുടെ (എസ്ഡിആർഎഫ്) റബർ റാഫ്റ്റുകളും ട്രാക്ടറുകളും ഇറക്കിയാണ് സർജാപുര റോഡിലെ റെയിൻബോ ഡ്രൈവ് ലേഒൗട്ട്, സണ്ണി ബ്രൂക്സ് ലേഒൗട്ട് തുടങ്ങിയവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയത്. ബിബിഎംപിയുടെ മഹാദേവപുര, ബൊമ്മനഹള്ളി സോണുകളിൽ ഉൾപ്പെടെ പലയിടങ്ങളിലും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

കനത്ത മഴയില്‍ വെള്ളക്കെട്ടായ ബെംഗൂരുവില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന ഇരുപത്തിമൂന്നുകാരി ഷോക്കേറ്റു മരിച്ചു. തിങ്കളാഴ്ച രാത്രി സിദ്ധപുരയില്‍ വെള്ളം നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെ ഇലക്ട്രിക് പോസ്റ്റില്‍ തട്ടിയാണ് അഖിലയെന്ന യുവതിക്ക് ഷോക്കേറ്റത്. സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന അഖില വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണാന്ത്യം സംഭവിച്ചത്. രാത്രി ഒമ്പതരയോടെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.