സ്വന്തം ലേഖകന്‍: ജര്‍മ്മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ഭീകരന്റെ ചിത്രം പുറത്ത്, പ്രതി ടുണീഷ്യന്‍ പൗരനെന്ന് അധികൃതര്‍. അനേകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ട്രക്ക് ഓടിച്ചിരുന്ന ഭീകരന്റെ ചിത്രം ജര്‍മ്മനി പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ അഭയാര്‍ത്ഥിയായി എത്തിയ ടുണീഷ്യന്‍ പൗരനായ അനിസ് അമ്രി എന്ന 24 കാരന്റേതാണ് ചിത്രം. ഇയാളെ പല തവണ ജര്‍മ്മന്‍ പോലീസ് പിടികൂടാന്‍ ശ്രമിച്ചിട്ടുള്ളതാണെങ്കില്‍ തലനാരിഴക്ക് വഴുതിപ്പോകുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അനിസിന്റെ തലക്ക് ഒരു ലക്ഷം യൂറോയാണ് ജര്‍മ്മന്‍ രഹസ്യാന്വേഷണ വിഭാഗം വിലയിട്ടിരിക്കുന്നത്. അഭയാര്‍ത്ഥിയാകാനുള്ള അപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അനിസിനെ ഈ വര്‍ഷം തന്നെ മൂന്ന് തവണ അറസ്റ്റ് ചെയ്തിരുന്നു. ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടനയില്‍ നിന്നും സായുധ പരിശീലനം കിട്ടിയിട്ടുള്ളതായും ജര്‍മ്മനിയില്‍ ഭീകരാക്രമണം നടത്താന്‍ ഇയാള്‍ ആളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചെന്നും ജര്‍മ്മന്‍ പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.
എന്നാല്‍ പെട്ടെന്ന് അപ്രത്യക്ഷനായതിനാല്‍ ഇയാളെ രണ്ടാഴ്ചയായി ജര്‍മ്മന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 12 പേര്‍ക്കു ജീവന്‍ നഷ്ടമാകുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അനിസിനെ പിടിക്കാന്‍ കഴിയാത്തതും പാക് വംശജനെ അറസ്റ്റ് ചെയ്തതുമെല്ലാം ജര്‍മ്മന്‍ പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്.
യൂറോപ്പില്‍ എത്തിയതിന് പിന്നാലെ അഭയാര്‍ഥി ക്യാമ്പില്‍ കുഴപ്പമുണ്ടാക്കിയതിന് ഇറ്റാലിയില്‍ അനിസ് നാലു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച വിവരവും പുറത്തുവന്നു. മാഫിയാ, ഗുണ്ടാ തലവന്മാരേയും മറ്റും പാര്‍പ്പിച്ചിരുന്ന പലെര്‍മോയിലെ ജയിലിലായിരുന്നു ഇയാള്‍ കിടന്നത്. കൂടാതെ കളവ്, അടിപിടി തുടങ്ങിയ വിവിധ കേസുകളില്‍ നാട്ടിലും ഇയാള്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് ടുണീഷ്യയും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല