സ്വന്തം ലേഖകൻ: ലോകത്തെ മികച്ച വിമാന കമ്പനിക്കുള്ള 2024ലെ അവാർഡ് കരസ്ഥമാക്കിയ ഖത്തർ എയർവെയ്സ് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 10% ഇളവ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന പരിപാടിയിലാണ് ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള 2024 സ്കൈ ട്രാക്സ് വേൾഡ് എയർലൈൻ അവാർഡ് ഖത്തർ എയർവെയ്‌സ് സ്വന്തമാക്കിയത്.
എട്ടാംതവണയാണ് ഖത്തർ എയർ വെയ്‌സിന് ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള അവാർഡ് ലഭിക്കുന്നത്. അവാർഡ് നേട്ടത്തിൽ ഉപഭോക്താക്കൾക്കുള്ള നന്ദി സൂചകമായി ‘താങ്ക്യൂ’ എന്ന പേരിലാണ് 10% ഡിസ്കൗണ്ട് പ്രഖ്യാപിച്ചത്. സ്കൈ ട്രാക്സ് എന്ന പ്രൊമോഷൻ കോഡാണ് ഈ ഇളവിനായി ഉപയോഗിക്കേണ്ടത്.
ഇന്നും നാളെയും ഖത്തർ എയർവെയ്‌സിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് നിരക്കിൽ 10% ഇളവ് ലഭിക്കും. ഈ ഇളവ് ബിസിനസ് ക്ലാസിനും എക്കണോമി ക്ലാസ്സിനും ബാധകമായിരിക്കും. ഓഫർ നിരക്കിൽ ടിക്കറ്റ് സ്വന്തമാക്കുന്നവർ 2024 ജൂലൈ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ യാത്ര ചെയ്തിരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല