സ്വന്തം ലേഖകൻ: ഏറ്റവും മികച്ച രണ്ടാമത്തെയും മധ്യപൂർവദേശത്തെ ഒന്നാമത്തെയും വിമാനത്താവളത്തിനുള്ള പുരസ്‌കാരം ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്. വ്യോമ മേഖലയിലെ സുപ്രധാനമായ സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് പുരസ്‌കാരമാണിത്. തുടർച്ചയായ 9ാം തവണയാണ് ഈ നേട്ടം.
ലോകത്തിലെ മികച്ച വിമാനത്താവള ഷോപ്പിങ്ങിനുള്ള പുരസ്‌കാരവും ഹമദ് വിമാനത്താവളത്തിനാണ്. സിംഗപ്പൂർ ചാൻഗി വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. ആംസ്റ്റർഡാമിലെ പാസഞ്ചർ ടെർമിനൽ എക്‌സ്‌പോ വേദിയിലാണ് പുരസ്‌കാര പ്രഖ്യാപനം. യാത്രക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് മികച്ച വിമാനത്താവളം തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും മികച്ച ഒന്നാമത്തെ വിമാനത്താവളത്തിനുള്ള സ്‌കൈട്രാക്‌സ് പുരസ്‌കാരവും ലഭിച്ചിരുന്നു.
2014 ൽ പ്രവർത്തനം ആരംഭിച്ച ഹമദ് രാജ്യാന്തര വിമാനത്താവളം ഇതിനകം നിരവധി രാജ്യാന്തര, മേഖലാ പുരസ്‌കാരങ്ങളും നേടി കഴിഞ്ഞു. യാത്രക്കാരുടെ എണ്ണത്തിലും വർഷാടിസ്ഥാനത്തിൽ വലിയ വർധനയുണ്ട്. കഴിഞ്ഞ വർഷം 3,57,34,243 യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നു പോയത്.
ഫിഫ ലോകകപ്പിന് മുൻപാണ് വിമാനത്താവളത്തിന്റെ വലിയ വിപുലീകരണം നടന്നത്. ഇൻഡോർ ഉഷ്ണമേഖലാ ഗാർഡൻ, പുതിയ എയർപോർട്ട് ലോഞ്ചുകൾ, ഹോട്ടലുകൾ, റീട്ടെയ്ൽ ബ്രാൻഡുകൾ, ടെർമിനലുകൾ എന്നിവ ഉൾപ്പെടുത്തി. വാർഷിക ഗ്ലോബൽ ട്രാവലർ ടെസ്റ്റഡ് റീഡർ സർവേയുടെ ഈ വർഷത്തെ ഏറ്റവും മികച്ച ഓവറോൾ വിമാനത്താവളത്തിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി തിരിച്ചുപിടിച്ച് സിംഗപ്പൂർ ചാങ്കി അന്താരാഷ്ട്ര വിമാനത്താവളം. 12-ാമത്തെ തവണയാണ് ചാങ്കി ലോകത്തിലെ മികച്ച വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെടുന്നത്. സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് അവാർഡ് 2023 ആണ് വിമാനത്താവളത്തിൻ്റെ റാങ്കുകൾ പുറത്തുവിട്ടത്.നേരത്തെ മുന്നിലായിരുന്ന ചാങ്കി വിമാനത്താവളത്തെ കോവിഡ് കാലത്ത് ഖത്തർ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പിന്നിലാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല