സ്വന്തം ലേഖകന്‍: ബത്‌ലഹേമിലെ തിരുപ്പിറവി ദേവാലയം പുതുക്കി പണിയുന്നു. യേശു ക്രിസ്തുവിന്റെ ജനനത്തിനും തുടര്‍ന്നുള്ള ജീവിതത്തിനും പശ്ചാത്തലമായ പ്രദേശത്തെ പുരാതന പള്ളിയാണ് തിരുപ്പിറവി ദേവാലയം എന്നറിയപ്പെടുന്നത്.
രണ്ടു വര്‍ഷത്തെ തീവ്ര പ്രയത്‌നത്തിനൊടുവിലാണ് പുതുക്കിപ്പണിയലിന്റെ പ്രാരംഭഘട്ടം വിദഗ്ധര്‍ പൂര്‍ത്തിയാക്കിയത്. ഫലസ്തീനികളുടെയും അന്താരാഷ്ട്ര വിദഗ്ധരുടെയും കൂട്ടായ ശ്രമത്തിലൂടെയാണ് ജോലികള്‍ പുരോഗമിക്കുന്നത്. പുതുക്കലിനുവേണ്ട കൂടുതല്‍ ചെലവും ഫലസ്തീനികളില്‍നിന്ന് തന്നെയാണ് സ്വരൂപിച്ചത്.
കുരിശുയുദ്ധക്കാലത്തെ മാര്‍ബിളുകളും കലാസൃഷ്ടികളും മറ്റും പഴയ ശോഭയോടെ തിരിച്ചു കൊണ്ടുവരികയെന്ന കടുത്ത വെല്ലുവിളിയാണ് വിദഗ്ദര്‍ക്കു മുന്നിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകളാണെങ്കിലും ദേവാലയം രാജ്യത്തെ പൈതൃക സമ്പത്താണെന്നും നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണെന്നും അവര്‍ പറയുന്നു.
അതുകൊണ്ടുതന്നെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ സജീവ പങ്കാളിത്തവും പദ്ധതിയിലുണ്ട്. യേശു ജനിച്ചെന്നു കരുതുന്ന സ്ഥലത്ത് നിര്‍മിച്ച തിരുപ്പിറവി ദേവാലയത്തെ 2012 ല്‍ അപകടാവസ്ഥയിലുള്ള ലോക പൈതൃകസ്ഥലങ്ങളുടെ പട്ടികയില്‍ യുനെസ്‌കോ ഉള്‍പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല