സ്വന്തം ലേഖകൻ: ഫിഫയുടെ യുട്യൂബ് ചാനലിലൂടെ പ്രകാശിപ്പിച്ച ലോകകപ്പ് ഔദ്യോഗിക ഗാനം ഏറ്റെടുത്ത് ഫുട്ബോൾ ലോകം. ആഗോളതലത്തിൽ ഫുട്‌ബോളിനെയും സംഗീതത്തെയും സ്‌നേഹിക്കുന്ന എല്ലാവരെയും ബന്ധിപ്പിക്കുന്നതാണു ‘ഹയ ഹയ (ബെറ്റര്‍ ടുഗെതര്‍)’ ഗാനം.
അമേരിക്കയുടെയും ആഫ്രിക്കയുടെയും മധ്യപൂര്‍വ ദേശത്തിന്റെയും ഗായകരെ ഒരുമിച്ച് ചേര്‍ത്താണ് സംവിധാനം. ഫൈനല്‍ ഡ്രോയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു റിലീസ്. വിഖ്യാത യുഎസ് പോപ് ഗായകന്‍ ട്രിനിഡാഡ് കര്‍ഡോണ, ആഫ്രിക്കയുടെ അഫ്രോബീറ്റ് താരം ഡേവിഡോ, ഖത്തരി ഗായിക ഐഷ എന്നിവര്‍ ചേര്‍ന്നാണ് പാടിയത്. ഫിഫയുടെ സൗണ്ട്ട്രാക്ക് സിംഗിള്‍സില്‍ നിന്നുള്ള ആദ്യ ഗാനമാണിത്.
ലോകമെങ്ങും കാല്‍പന്തുകളിയുടെ ആവേശവും ആഘോഷവും നിറച്ചു കൊണ്ടായിരുന്നു ഇന്നലെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഫിഫ ലോകകപ്പ് 2022ന്റെ നറുക്കെടുപ്പ്. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സാന്നിധ്യം ചടങ്ങുകള്‍ക്ക് ആവേശം കൂട്ടി. ആരാധകര്‍ക്ക് ഉണര്‍വും ഊര്‍ജവും നല്‍കി ദോഹയിലേയ്ക്ക് സ്വാഗതം ചെയ്തായിരുന്നു അമീറും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും വേദിയില്‍ പ്രസംഗിച്ചത്.
ചുവപ്പ് പരവതാനി വിരിച്ചാണ് അതിഥികളെയും ലോകകപ്പിന് യോഗ്യത നേടിയ ടീമുകളെയും വിവിധ രാജ്യങ്ങളിലെ മേധാവികളെയും നറുക്കെടുപ്പിലേയ്ക്ക് സ്വാഗതം ചെയ്തത്. ഖത്തറിന്റെയും അറബ് ലോകത്തിന്റെയും പാരമ്പര്യവും പൈതൃകവും പ്രതിഫലിച്ചുള്ള സംഗീത, നൃത്താവിഷ്‌കാരങ്ങളോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നവും വേദിയില്‍ അവതരിപ്പിച്ചു. ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക ഗാനമായ ഹയ ഹയ പാടിയ വിഖ്യാത യുഎസ് പോപ് ഗായകന്‍ ട്രിനിഡാഡ് കര്‍ഡോണ, ആഫ്രിക്കയുടെ അഫ്രോബീറ്റ് താരം ഡേവിഡോ, ഖത്തരി ഗായിക ഐഷ എന്നിവര്‍ ചേര്‍ന്ന് വേദിയില്‍ ഗാനം ആലപിക്കുകയും ചെയ്തു.
ഫുട്‌ബോള്‍ ചാംപ്യന്മാരായ കഫു, ലോതര്‍ മാത്യൂസ്, അദേല്‍ അഹമ്മദ് മാല്‍അല്ല, അലി ദായി, ബോറ മിലുട്ടിനോവിക്, ജയ്-ജയ് ഒക്കോച്ച, റബാ മദ്ജര്‍, ടിം കാഹില്‍ എന്നിവര്‍ ആയിരുന്നു ഡ്രോ അസിസ്റ്റന്റുമാര്‍. ഫിഫ വനിതാ ലോകകപ്പ് ചാംപ്യന്‍ കാര്‍ലി ലോയിഡ്, മുന്‍ ഇംഗ്ലണ്ട് താരം ജെര്‍മെയ്ന്‍ ജിനാസ്, ബ്രിട്ടീഷ്-ജമൈക്കന്‍ കായിക പ്രസന്റര്‍ സാമന്ത ജോണ്‍സണ്‍ എന്നിവരാണ് ഡ്രോ അസിസ്റ്റന്റുമാര്‍ക്കൊപ്പമെത്തിയത്.
ഹോളിവുഡ് താരം ഇഡ്രിസ് എല്‍ബയും ഇംഗ്ലിഷ് ബ്രോഡ്കാസ്റ്റര്‍ രെശ്മിന്‍ ചൗധരിയും ആയിരുന്നു അവതാരകര്‍. തല്‍സമയ സംപ്രേഷണത്തിലൂടെ ആഗോള തലത്തിലുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ടീമുകളുടെ അന്തിമ നറുക്കെടുപ്പ് കാണാന്‍ കഴിഞ്ഞു. ഈജിപ്ഷ്യന്‍ നടിയും ഗായികയും നര്‍ത്തകിയുമായ ഷെരിഹാനും വേദിയിലെത്തി.
അതേസമയം മുൻ ചാമ്പ്യൻമാരായ ജർമനിക്കും സ്‌പെയ്‌നിനും ലോകകപ്പ് പോരാട്ടം കടുക്കും. ഖത്തർ ലോകകപ്പിൽ ഇരുടീമും ഒരേ ഗ്രൂപ്പിൽ ഇടംപിടിച്ചു. ഗ്രൂപ്പ് ഇയിൽ ഇരുസംഘവും പോരടിക്കും. ജപ്പാനാണ് മറ്റൊരു ടീം. ന്യൂസിലൻഡ്/കോസ്റ്ററിക്ക പ്ലേ ഓഫ് മത്സരത്തിലെ വിജയികളും ഗ്രൂപ്പ് ഇയിലെത്തും. ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീലിനും കടുക്കും. ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ ടീമുകളാണ് ബ്രസീലിനൊപ്പം. രണ്ട് യൂറോപ്യൻ ടീമുകളാണ് ബ്രസീലിന് എതിരാളികളായി എത്തുന്നത്. ആഫ്രിക്കൻ കരുത്തരായ കാമറൂണും വെല്ലുവിളി ഉയർത്തും.
അർജന്റീനയുടെ ഗ്രൂപ്പായ സിയിൽ പോളണ്ട്, മെക്‌സിക്കോ, സൗദി അറേബ്യ ടീമുകളാണ്. ലയണൽ മെസി x റോബർട്ട് ലെവൻഡോവ്‌സ്‌കി മുഖാമുഖത്തിനാണ് അരങ്ങൊരുങ്ങുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ എച്ച് ഗ്രൂപ്പിൽ. പോർച്ചുഗലിന്റെ കൂടെ ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ ടീമുകളാണുള്ളത്.
നെതർലൻഡ്‌സ്, ബൽജിയം, ഇംഗ്ലണ്ട്, ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ടീമുകൾക്ക് താരതമ്യേന എളുപ്പമാണ്. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്‌ഘാടന മത്സരം. നവംബർ ഇരുപത്തൊന്നിനാണ് ലോകകപ്പിന് തുടക്കം. ഫെെനൽ ഡിസംബർ 18ന്.
ഗ്രൂപ്പുകൾ ഇങ്ങനെ:
ഗ്രൂപ്പ് എ
ഖത്തർ, നെതർലൻഡ്‌സ്, സെനെഗൽ, ഇക്വഡോർ
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്, അമേരിക്ക, ഇറാൻ, വെയ്‌ൽസ്/ സ്‌കോട്‌ലൻഡ്/ ഉക്രയ്‌ൻ
ഗ്രൂപ്പ് സി
അർജന്റീന, മെക്‌സിക്കോ, പോളണ്ട്, സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാൻസ്, ഡെൻമാർക്ക്, ടുണീഷ്യ, യുഎഇ/ ഓസ്‌ട്രേലിയ/ പെറു
ഗ്രൂപ്പ് ഇ
സ്‌പെയ്‌ൻ, ജർമനി, ജപ്പാൻ, കോസ്റ്റാറിക്ക/ ന്യൂസിലൻഡ്
ഗ്രൂപ്പ് എഫ്
ബൽജിയം, ക്രൊയേഷ്യ, മൊറോക്കോ, ക്യാനഡ
ഗ്രൂപ്പ് ജി
ബ്രസീൽ, സ്വിറ്റ്‌സർലൻഡ്, സെർബിയ, കാമറൂൺ
ഗ്രൂപ്പ് എച്ച്
പോർച്ചുഗൽ, ഉറുഗ്വേ, ദക്ഷിണ കൊറിയ, ഘാന
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല