1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2022

സ്വന്തം ലേഖകൻ: വീണ്ടും മാസ്ക്‌യുഗത്തിലേക്ക് തിരിച്ചുപോകണോ എന്ന ആശങ്കയ്ക്ക് ആധാരമായ കോവിഡിന്റെ പുതിയ വകഭേദത്തെപ്പറ്റി ഭിന്നാഭിപ്രായം. ഇത് പുതിയ വേരിയന്റല്ല, പഴയ ഒമിക്രോണിന്റെ ഉപവകഭേദമാണെന്ന് വിദഗ്ധർ പറയുന്നു. നേരത്തേ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ള താരതമ്യേന അപകടസാധ്യത കുറഞ്ഞ ഒന്നാണ് ബി.­എഫ്.7 എന്നാണ് നിരീക്ഷണം. ഇന്ത്യയിൽ ഏറ്റവുമധികം മരണങ്ങൾക്ക് കാരണമായ ഡെൽറ്റ വേരിയന്റിനെ അപേക്ഷിച്ച് ഇത് ഭീകരനല്ല. മാത്രമല്ല സാരമല്ലാത്ത ലക്ഷണങ്ങളാണ് ഇത് ബാധിക്കുമ്പോൾ ഉണ്ടാവുന്നതും.

നിയന്ത്രണങ്ങളില്ലാതെ ഒറ്റുചേരലുകളും കലാപരിപാടികളുമായി ക്രിസ്മസിനെയും ആഘോഷത്തോടെ പുതിയ വർഷത്തെയും വരവേൽക്കാനായി കാത്തിരിക്കുന്നതിനിടെയാണു വീണ്ടുമൊരു ഡിസംബർ മാസത്തിൽ കോവിഡിന്റെ പുതിയ വകഭേദം ലോകത്ത് ഭീതി പടർത്തുന്നത്.

ഒമിക്രോണ്‍ വൈസിന്‍റെ പുതിയ വകഭേദമായ ബിഎഫ്.7 ആണ് പുതിയ തരംഗത്തിന് കാരണമായിരിക്കുന്നത്. ചൈനയിൽ ബിഎഫ്.7 വകഭേദം പടർന്നു പിടിച്ചതും ആശുപത്രികളിൽ രോഗികൾ നിറഞ്ഞ് അവരെ പ്രവേശിപ്പിക്കാൻ സ്ഥലമില്ലാതെ ആകുന്നുവെന്ന വിവരങ്ങളും പുറത്തുവന്നു. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ലോകം ജാഗ്രതയിലാണ്.

ഇന്ത്യയിലും ബിഎഫ്.7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ ഗുജറാത്തില്‍ നിന്നു രണ്ടു കേസുകളും ഒഡീഷയിൽനിന്നു രണ്ടു കേസുകളുമാണ് സ്ഥിരീകരിക്കപ്പെട്ടത്. ഇന്ത്യയ്ക്ക് പുറമെ ബെല്‍ജിയം, ഫ്രാൻസ്, ഡെന്മാര്‍ക്ക്, യുഎസ്, യുകെ എന്നിവിടങ്ങളിലെല്ലാം ബിഎഫ്.7 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ചൈന, കൊറിയ, യുഎസ്, ഫ്രാൻസ്, ജപ്പാൻ എന്നിവിടങ്ങളിലാണ് കേസുകള്‍ കൂടുതലായി കാണുന്നത്.

ഒമിക്രോണിന്റെ ബിഎഫ്.7 വാർത്തകളിൽ നിറയുന്നത് ആദ്യമല്ല. ഒക്ടോബറിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലും നിരവധി യൂറോപ്യൻ രാജ്യങ്ങളിലും വകഭേദങ്ങൾ പടരാൻ തുടങ്ങിയിരുന്നു. ഈ മാസമാദ്യം ‘സെൽ ഹോസ്റ്റ് ആൻഡ് മൈക്രോബ്’ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ബിഎഫ്.7 സബ് വേരിയന്റിന് യഥാർത്ഥ ഡി614ജി വേരിയന്റിനേക്കാൾ 4.4 മടങ്ങ് ന്യൂട്രലൈസേഷൻ പ്രതിരോധം ഉണ്ടെന്ന് പറയുന്നു.

ഒരു ലാബ് അന്തരീക്ഷത്തിൽ, വാക്സിനേഷനിലൂടെ ലഭിച്ച ആന്റിബോഡികളും രോഗബാധിച്ചശേഷം സ്വയം വന്ന ആന്റിബോഡികളും കോവിഡിന്റെ ബിഎഫ്.7 വകഭേദത്തിനെ നശിപ്പിക്കാൻ സാധ്യത കുറവാണ്. ഒമിക്രോണിന്റെ മറ്റു വകഭേദമായ ബിക്യൂ.1 ഇതിനെക്കാൾ ഉയർന്ന പ്രതിരോധം കാണിക്കുന്നതായും പഠനത്തിൽ പറയുന്നു.

ഒക്ടോബറിൽ യുഎസിലെ അഞ്ച് ശതമാനവും യുകെയിൽ 7.26 ശതമാനം കേസുകളും ബിഎഫ്.7ആണ്. ശാസ്ത്രജ്ഞർ ഈ വകഭേദത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ രാജ്യങ്ങളിൽ കേസുകളുടെ എണ്ണത്തിലോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർധനവ് ഉണ്ടായിട്ടില്ല.

പ്രധാന രോഗലക്ഷണങ്ങൾ

കോവിഡിന്റെ അടിസ്ഥാന ലക്ഷണങ്ങളാണ് വകഭേദങ്ങളിലും കാണപ്പെടുന്നത്. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ എന്നിവയാണ് ലക്ഷണങ്ങൾ. ശ്വാസകോശത്തിലെ അണുബാധയ്ക്കും സാധ്യത.

ഭയം അല്ല ജാഗ്രത വേണം

പുതിയ വകഭേദം ഭീഷണി പരത്തുന്നതോടെ പഴയ പ്രതിരോധ മാർഗങ്ങൾ വീണ്ടും പ്രാവർത്തികമാക്കേണ്ടി വരും. മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് ഐസിഎംആർ നിർദേശിച്ചിട്ടുണ്ട്. ക്രിസ്മസ്- ന്യൂഇയർ ആഘോഷങ്ങളുടെ വേളയിൽ കോവിഡ് പ്രതിരോധം ശക്തമാക്കിയില്ലെങ്കിൽ രാജ്യത്ത് മറ്റൊരു തരംഗത്തിന് കാരണമായേക്കാം. മാസ്ക് ധരിക്കണം, സാനിറ്റൈസറും സോപ്പും ഉപയോ​ഗിച്ച് കൈകൾ വ്യത്തിയായി സൂക്ഷിക്കണം. ചുമ, പനി, ജലദോഷം എന്നിവയുള്ളവർ അത് സാധാരണ പനിയാണെന്ന് കരുതി വീട്ടിലിരിക്കാതെ വൈദ്യസഹായം തേടണം.

ചൈനയിൽ സംഭവിച്ചത്?

ബിഎഫ്.7 വെരിയന്റിന്റെ വ്യാപ്തിയെക്കാൾ പ്രതിരോധത്തെപ്പറ്റി അറിവില്ലാത്ത ജനങ്ങളാണ് ചൈനയിലെ കേസുകൾ വർധിക്കാൻ കാരണമായതെന്ന് വിദഗ്ധർ കരുതുന്നു. “ഹോങ്കോങ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയപ്പോൾ കണ്ടതുപോലെയുള്ള ഒമിക്രോൺ കുതിച്ചുകയറ്റമാണ് ചൈന ഇപ്പോൾ അനുഭവിക്കുന്നതെന്ന് ഇന്ത്യൻ സാർസ്-കോവ്-2 ജീനോമിക്സ് കൺസോർഷ്യത്തിന്റെ മുൻ മേധാവി ഡോ.അനുരാഗ് അഗർവാൾ പറഞ്ഞു.

ഈ സന്ദർഭത്തിൽ ബൂസ്റ്റർ ഡോസ് എടുക്കാത്തവർ എത്രയും വേഗം എടുക്കണമെന്നാണ് ഡോക്ടർമാർ നിർദശിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ 27-28 ശതമാനം പേർ മാത്രമാണ് ഇതുവരെ ബൂസ്റ്റർ ഡോസ് എടുത്തിട്ടുള്ളതെന്ന് നിതി ആയോഗിന്റെ വി.കെ.പോൾ അറിയിച്ചു. ആഗോളതലത്തിൽ കേസുകൾ പേടിപ്പെടുത്തുന്ന വിധം വർധിക്കുന്നതിനാൽ മുൻകരുതൽ ഡോസ് എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടത് പ്രധാനമാണെന്നും അർഹതയുള്ളവർ എടുക്കണമെന്നും ഡൽഹിയിലെ സാകേതിലുള്ള മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്‌ടർ ഡോ.റൊമ്മൽ ടിക്കൂ പറഞ്ഞു. ബൂസ്റ്റർ ഡോസ് എടുക്കുന്നത് എല്ലാ തരത്തിലും പ്രയോജനകരമാണെന്ന് ഷാലിമാർ ബാഗിലെ ഫോർട്ടിസ് ഹോസ്പിറ്റൽ പൾമണോളജി ഡയറക്ടറും എച്ച്ഒഡിയുമായ ഡോ.വികാസ് മൗര്യ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.