സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഇനി സുഹൃത്തുക്കളല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. മല്‍സരത്തിന് ശേഷമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. ആസ്‌ട്രേലിയന്‍ കളിക്കാരെ ഇനിയും സുഹൃത്തുകളായി പരിഗണിക്കുമോ എന്ന ചോദ്യത്തിന് ഇനി അതില്‍ മാറ്റമുണ്ടാവുമെന്നായിരുന്നു ക്യാപ്റ്റന്റെ മറുപടി.
ആദ്യ ടെസ്റ്റിനിടെയുണ്ടായ വിവാദ സംഭവത്തില്‍ പലരും തന്നെ തെറ്റിദ്ധരിച്ചതായും കോഹ്ലി പറഞ്ഞു. ഒന്നാം ടെസ്റ്റിനിടെ ഡി.ആര്‍.എസുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഡി.ആര്‍.എസ് സംവിധാനം ഉപയോഗിക്കുന്നതിന് ഡ്രെസിങ് റൂമിന്റെ സഹായം തേടിയെന്ന് ആരോപിച്ച് കോഹ്ലിയും ടീം ഇന്ത്യയും മാച്ച് റഫറിക്ക് പരാതി നല്‍കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനങ്ങളാണ് ആസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ കോഹ്ലിക്കെതിരെ ഉയര്‍ത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി കോലിയെ പല മാധ്യമങ്ങളും താരത്മ്യം ചെയ്തു. ക്രിക്കറ്റ് ആസ്‌ട്രേലിയ പ്രതിനിധികളും രൂക്ഷമായ ഭാഷയിലാണ് കോഹ്ലിയെ വിമര്‍ശിച്ചത്.
ധര്‍മശാലയിലെ നാലാം ടെസ്റ്റില്‍ വിജയവും പരമ്പരയും നേടിയ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയിരുന്നു. വാശിയേറിയ ടെസ്റ്റ് പരമ്പരയ്ക്കിടയ്ക്ക് ഇരു ടീമിലേയും അംഗങ്ങള്‍ തമ്മില്‍ കളത്തിനകത്തും പുറത്തും കടുത്ത പോരാട്ടമാണ് നടന്നത്.ഇശാന്ത് ശര്‍മ കുരങ്ങന്റെ മുഖമാക്കി സ്മിത്തിനെ കളിയാക്കിയതും കോഹ്‌ലിയുടെ തോളിലെ പരിക്കിനെ ഓസീസ് താരങ്ങളും കളിയാക്കിയതും വന്‍ വിവാദമായി.
ഇല്ലാത്ത ക്യാച്ചിന് അവകാശവാദം ഉന്നയിച്ചു എന്നാരോപിച്ച് മുരളി വിജയിനെ സ്മിത്ത് കളളനെന്ന് അധിക്ഷേപിച്ചു.മാത്യൂ വേഡും ജഡേജയും തമ്മിലുളള തര്‍ക്കം കൈയ്യാങ്കളിയുടെ വക്കിലെത്തി. സോറി എന്ന വാക്കിന്റെ സ്‌പെല്ലിംഗ് പോലും കോഹ്‌ലിക്ക് അറിയില്ലെന്ന് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ ജെയിംസ് സണ്ടര്‍ലന്‍ഡ് അഭിപ്രായപ്പെട്ടതും എരിതീയില്‍ എണ്ണയൊഴിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല