1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2019

സ്വന്തം ലേഖകൻ: എഫ്.ബി.ഐ. പുറത്തുവിട്ട അമേരിക്കയിലെ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഗുജറാത്ത് സ്വദേശിയും. അഹമ്മദാബാദില്‍നിന്നുള്ള ഭദ്രേഷ് കുമാര്‍ പട്ടേലിനെയാണ് യു.എസ്. അന്വേഷണ ഏജന്‍സി ‘ടോപ് 10’ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഇത്തവണയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ നാലുവര്‍ഷമായി എഫ്.ബി.ഐ. തേടുന്ന പിടികിട്ടാപ്പുള്ളിയാണ് ഭദ്രേഷ് കുമാര്‍ പട്ടേല്‍. 2017-ലാണ് ഭദ്രേഷ് കുമാറിനെ ആദ്യമായി പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇയാളെ കണ്ടെത്താന്‍ അറിയിപ്പുകളും വിവിധ ചിത്രങ്ങളുമടങ്ങിയ പോസ്റ്ററുകള്‍ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, മറാത്തി, ഫ്രഞ്ച് ഭാഷകളില്‍ എഫ്.ബി.ഐ. പുറത്തിറക്കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം യു.എസ്. ഡോളറാണ് (ഏകദേശം 71 ലക്ഷത്തോളം രൂപ) പാരിതോഷികം.

മേരിലാന്‍ഡില്‍ ഭാര്യ പാലക് പട്ടേലിനെ കൊലപ്പെടുത്തിയശേഷമാണ് ഭദ്രേഷ് കുമാര്‍ പട്ടേല്‍ ഒളിവില്‍ പോയത്. 2015 ഏപ്രില്‍ 12-ന് അര്‍ധരാത്രിയിലായിരുന്നു സംഭവം. ഡങ്കിന്‍ ഡോണറ്റ് സ്‌റ്റോറിലെ അടുക്കളയില്‍വെച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയശേഷം സ്റ്റോറില്‍നിന്ന് പുറത്തിറങ്ങിയ ഭദ്രേഷ് കുമാര്‍ നേരേ അപ്പാര്‍ട്ട്‌മെന്റിലേക്കാണ് പോയത്. ഇവിടെനിന്ന് ടാക്‌സി വിളിച്ച് ന്യൂജേഴ്‌സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തിലേക്ക് പോയി. നെവാര്‍ക്കിലെ ഒരു ഹോട്ടലില്‍ അന്നേദിവസം തങ്ങിയശേഷം രാവിലെ അവിടെനിന്നും കടന്നുകളഞ്ഞു. ഇതിനുശേഷം പട്ടേല്‍ എങ്ങോട്ടുപോയെന്നോ എവിടെയുണ്ടെന്നോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഭദ്രേഷ് കുമാര്‍ നെവാര്‍ക്കിലെ ഹോട്ടലില്‍ വരെ എത്തിയതായി എഫ്.ബി.ഐ. സ്ഥിരീകരിച്ചത്. ഇയാള്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടേക്കാമെന്ന നിഗമനത്തെത്തുടര്‍ന്ന് ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലും എഫ്.ബി.ഐ. അന്വേഷണം നടത്തിയിരുന്നു. ഡല്‍ഹിയിലെത്തിയ എഫ്.ബി.ഐ. ഏജന്റ് വിവിധ സംസ്ഥാനങ്ങളിലെ പോലീസുമായി സഹകരിച്ചും അന്വേഷണം നടത്തിവരികയാണ്. ഭദ്രേഷിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.