സ്വന്തം ലേഖകന്‍: കേരളത്തില്‍ ഷൂട്ടിങ്ങിനെത്തിയ ബാഹുബലിക്ക് ആദിവാസികള്‍ വില്ലനാകുന്നു, ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. വന്‍ വിജയം നേടിയ ബാഹുബലിയുടെ രണ്ടാം ചിത്രീകരിക്കാന്‍ കേരളത്തിലെത്തിയ സംവിധായകനും കൂട്ടരുമാണ് ആദിവാസികളുമായി ഉടക്കിയത്. ആദിവാസികള്‍ സിനിമാ ഷൂട്ടിങിന് തടസമായതോടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ആശങ്കയിലുമായി.
ആദിവാസി ഊരുകളുടെ വികസനത്തിന് പരിസ്ഥിതി പ്രേമം പറഞ്ഞ് തടസം നില്‍ക്കുന്ന വനംവകുപ്പ് ഇത്തരം സിനിമകള്‍ക്കായി പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നതെന്തു കൊണ്ടെന്ന ചോദ്യവുമായാണ് ആദിവാസികള്‍ സമരമുഖത്തുള്ളത്. ലക്ഷങ്ങള്‍ തന്നാല്‍ നിയമങ്ങള്‍ പ്രശ്‌നമല്ലേയെന്നാണ് ഇവര്‍ ചോദിക്കുന്നു.
ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുന്നതിനിടയിലാണ് ആദിവാസികള്‍ സിനിമ ചിത്രീകരിക്കുന്നതിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ചെക്കേരി, കോളയാട്, പെരുവ, കൊളപ്പ തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമാ ഷൂട്ടിങ് നടക്കുന്നത്.
കോടികള്‍ മുടക്കി സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ പരിസ്ഥിതി നിയമങ്ങള്‍ ഒന്നും ബാധകമല്ല. ലക്ഷങ്ങള്‍ കൈക്കൂലി കിട്ടുന്നതു കൊണ്ടാകാം വനം വകുപ്പ് പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നതെന്നും ആദിവാസികള്‍ ആരോപിക്കുന്നു.
ആദിവാസി കോളനിയിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചിരുന്നു. എന്നാല്‍, പരിസ്ഥിതി പ്രശ്‌നം പറഞ്ഞ് വനംവകുപ്പ് അത് ഇല്ലാതാക്കുകയായിരുന്നു. അതേസമയം, സിനിമ ചിത്രീകരിക്കാന്‍ വനത്തിനുള്ളില്‍ വനംവകുപ്പ് സൗകര്യമൊരുക്കിയ നടപടി ഇരട്ടത്താപ്പാണെന്നും ആദിവാസികള്‍ പറയുന്നു.
പരിസ്ഥിതി നിയമത്തിന്റെ പേരു പറഞ്ഞ് റോഡിന്റെ ടാറിങ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെക്കാള്‍ വലിയ സൂപ്പര്‍ സര്‍ക്കാരാകുകയാണെന്നും ആദിവാസികള്‍ ആരോപിക്കുന്നു. രണ്ട് നിയമം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല