സ്വന്തം ലേഖകൻ: കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച പഠനറിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി നിർമാതാക്കളായ ഭാരത് ബയോടെക്. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിൽ പിഴവുണ്ടെന്ന് ഭാരത് ബയോടെക് പറഞ്ഞു. വാക്സിൻ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നത് വ്യക്തമായിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
സുരക്ഷിതത്വത്തേക്കുറിച്ചുള്ള ഇത്തരമൊരു പഠനം ഫലപ്രദവും വിജ്ഞാനപ്രദവും പക്ഷപാതരഹിതവുമായിരിക്കാൻ നിരവധി ഡേറ്റകൾ ആവശ്യമാണെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. പഠനത്തിൽ പങ്കാളികളാകുന്നതിന് മുമ്പുള്ള ഇത്തരം ആരോഗ്യപ്രശ്നങ്ങളും പഠനകാലയളവിൽ വാക്സിൻ സ്വീകരിക്കാത്തവരുമായുള്ള താരതമ്യവും ഇതേ സമയത്ത് മറ്റ് വാക്സിൻ സ്വീകരിച്ചവരുടെ സുരക്ഷിതത്വം തുടങ്ങിയവയെല്ലാം പരിശോധിക്കേണ്ടതായിരുന്നുവെന്നും ഭാരത് ബയോടെക് പറഞ്ഞു.
ബനാറസ് ഹിന്ദു സർവകലാശാലയാണ് കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച പഠനം നടത്തിയത്. സ്പ്രിംഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കോവാക്സിനെടുത്ത മൂന്നിലൊരാൾക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.
926 പേരെ ഒരുവർഷത്തോളം നിരീക്ഷിച്ച് ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ഇവരിൽ അമ്പതുശതമാനം പേർക്കും അണുബാധ ഉണ്ടായിട്ടുണ്ടെന്നും പ്രത്യേകിച്ച് ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തിയത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, ചർമരോഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. പഠനവുമായി ബന്ധപ്പെട്ട് നാലുപേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആർത്തവ സംബന്ധമായ തകരാറുകൾ, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം, ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവയും വാക്സിനു പിന്നാലെ റിപ്പോർട്ട് ചെയ്തതായി പഠനത്തിൽ പറയുന്നു. അനുബന്ധ രോഗങ്ങൾ ഉണ്ടായിരുന്നവരിലാണ് പാർശ്വഫലങ്ങൾ കൂടുതൽ കണ്ടതെന്നും വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും പറയുന്നുണ്ട്.
കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക തുറന്നുപറയുകയും ആഗോളതലത്തിൽ മരുന്ന് പിൻവലിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഈ പഠനം പുറത്തുവന്നിരിക്കുന്നത്. കോവിഷീൽഡ് വിവാദങ്ങൾക്കു പിന്നാലെ കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് നേരത്തേ രംഗത്തെത്തിയിരുന്നു. പ്രഥമപരിഗണന സുരക്ഷിതത്വത്തിന് എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്സിൻ വികസിപ്പിച്ചതെന്നും ഇന്ത്യൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതികളുടെ ഭാഗമായി ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ഏക വാക്സിൻ കോവാക്സിനാണെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല