സ്വന്തം ലേഖകൻ: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 135 ദിവസത്തെ യാത്രയ്ക്കു ശേഷം സമാപിച്ചിരിക്കുന്നു. 14 സംസ്ഥാനങ്ങളിലെ 75 ജില്ലകള്‍. രണ്ടു കേന്ദ്രഭരണ പ്രദേശങ്ങള്‍. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങി ഞായറാഴ്ച കാല്‍നട യാത്ര പരിസമാപ്തിയിലെത്തിയപ്പോള്‍ രാഹുലും കൂട്ടരും പിന്നിട്ടത്. 4080 കിലോമീറ്റര്‍. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശ്രീനഗറിലെ പി.സി.സി. ഓഫീസില്‍ രാഹുല്‍ ദേശീയ പതാക ഉയര്‍ത്തി.
യാത്ര രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയിലുണ്ടാക്കിയതും വലിയ മാറ്റങ്ങള്‍. യാത്രയിലുടനീളം താടി വളര്‍ത്തി, കൊടും തണുപ്പിലും ടീ ഷര്‍ട്ടുമാത്രമിട്ട് രാഹുല്‍ നടത്തിയ യാത്ര അദ്ദേഹത്തിന്റെ കായിക ശേഷിയെയും സഹനശേഷിയെയും കൂടി ബോധ്യപ്പെടുത്തി. പത്രസമ്മേളനങ്ങളിലും അളന്നു കുറിച്ചുള്ള മറുപടി. ഏതു ചോദ്യത്തിനും കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെയുള്ള ഉത്തരം. നടത്തം രാഷ്ട്രീയമാണെന്നും ജനങ്ങളുമായുള്ള ഇടപഴകല്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും ഇതെല്ലാം രാഷ്ട്രീയ വീക്ഷണത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച രൂപപ്പെടുത്തുമെന്നും വ്യക്തമാക്കുന്നുണ്ട്, ഭാരത് ജോഡോ യാത്രയുടെ കഴിഞ്ഞുപോയ ഓരോ ദിനങ്ങളും.
ഞായറാഴ്‌ച ശ്രീനഗറിന് സമീപം പന്താചൗക്കിൽ നിന്നാണ് യാത്രയ്‌ക്ക് തുടക്കമായത്. പ്രിയങ്കാ ഗാന്ധിയും അവസാന ദിവസത്തെ യാത്രയിൽ പങ്കാളിയായി. യാത്ര മുൻനിർത്തി ശ്രീനഗറിൽ വലിയ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരുന്നത്. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ലാൽചൗക്കിൽ ശനിയാഴ്‌ച മുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ശ്രീനഗറിലെ പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡുകളും മുൾവേലികളും തീർത്ത് യാത്രയ്ക്ക് സംരക്ഷണമൊരുക്കി.
നഗരത്തിലെ കോൺഗ്രസ് ഓഫീസിൽ പതാക ഉയർത്താനായിരുന്നു അധികൃതർ ആദ്യം അനുമതി നൽകിയിരുന്നത്. തിങ്കളാഴ്‌ചയായിരുന്നു പതാക ഉയർത്തൽ തീരുമാനിച്ചിരുന്നത്. ലാൽചൗക്കിൽ പതാക ഉയർത്താൻ ശനിയാഴ്‌ച രാത്രിയോടെ അനുമതിയായി. എന്നാൽ തിങ്കളാഴ്‌ച പറ്റില്ലെന്നും ഞായറാഴ്‌ച തന്നെ ചടങ്ങ് സംഘടിപ്പിക്കണമെന്നും അധികൃതർ നിബന്ധന വെച്ചു.
12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും ജോഡോ യാത്ര കടന്നുപോയി. സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയത്തിന് എതിരായാണ് യാത്രയെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടെങ്കിലും ബിജെപിയുടെ ശക്തികേന്ദ്രമായ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലേക്ക് യാത്ര കടന്നതേയില്ല. ബിജെപി ഭരിക്കുന്ന യുപിയിൽ കേവലം മൂന്നുദിവസം മാത്രമാണ് രാഹുൽ സഞ്ചരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല