സൌന്ദര്യവും സ്വപ്നവും ജീവിതവും വിരല്‍ കൊണ്ടു ചാലിച്ചെടുത്ത് മലയാളത്തിന്റെ സെല്ലുലോയ്ഡില്‍ പകര്‍ത്തിക്കാട്ടിയ പ്രതിഭാധനനായ സംവിധായകനാണ് ഭരതന്‍. അദ്ദേഹത്തിന്റെ ക്ളാസിക് ചിത്രമായ ‘നിദ്ര’യെ ഒരിക്കല്‍ക്കൂടി മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ അഭ്രപാളികളില്‍ എത്തിക്കുന്നു.
രതിനിര്‍വേദത്തിനു പിന്നാലെ റീമേക്കുകള്‍ ചെയ്യാന്‍ സംവിധായകരുടെ നീണ്ട നിരയുള്ളപ്പോഴാണ് നവാഗത സംവിധായകനായ മകന്‍ പിതാവിന്റെ ചിത്രവുമായി എത്തുന്നത്. മലയാള സിനിമാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടങ്ങളില്‍ ജീവിതക്കാഴ്ചകളും, ജീവിതത്തിന്റെ കഷ്ടപ്പാടുകളും, രതിയും പ്രണയവും ഒക്കെ നിറഞ്ഞു നിന്നിരുന്നു. ആ നല്ല സിനിമകളെ തിരഞ്ഞു പിടിച്ച് റീമേക്കുകളായി അവതരിപ്പിച്ചപ്പോള്‍ അതു വഴി കലാപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതിനു പകരം കണ്ണിനിമ്പമേകി മനസ്സില്‍ കുളിരുകോരാനാണ് സംവിധായകരും നിര്‍മ്മാതാക്കളും ശ്രമിച്ചത്. ഇവിടെ ഈ യുവസംവിധായകനില്‍ നിന്നും, റീമേക്ക് കച്ചവടക്കണ്ണില്‍ നിന്നും നമുക്കല്പം മാറി ചിന്തിക്കാം.
ഒന്നുമില്ലെങ്കിലും ഒരു സംവിധാന പ്രതിഭയുടെ മകനല്ലേ. സിനിമാത്തറവാട്ടില്‍ നിന്നും കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ വന്ന് രസികന്‍ എന്ന ചിത്രത്തോടെ അഭിനയം പാതിവഴിയിലുപേക്ഷിച്ച്, സിദ്ധാര്‍ത്ഥ് പോയത് സംവിധായകന്‍ പ്രിയന്റെയൊപ്പം. അദ്ദേഹത്തിന്റെ കൂടെ 6 ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. മാതാവില്‍ നിന്ന് പകര്‍ന്നു കിട്ടിയ അഭിനയശേഷിയും പിതാവില്‍ നിന്നും ലഭിച്ച സംവിധാനപാരമ്പര്യവും, പ്രിയനില്‍ നിന്നും കിട്ടിയ അനുഭവ സമ്പത്തും കൂടിച്ചേര്‍ന്നപ്പോള്‍ സ്വന്തമായൊരു സിനിമ എന്ന ആശയം സിദ്ധുവിന്റെ മലസ്സിലുദിച്ചു. അന്ന് ഈ സിനിമയ്ക്ക് സുഹൃത്ത് എന്ന് പേര് നല്‍കിയെങ്കിലും പിന്നീട് പഴയ ചിത്രത്തിന്റെ പേര് തന്നെ നല്‍കുകയായിരുന്നു. സുഹൃത്ത് വലയത്തിനുള്ളില്‍ നിന്നുതന്നെ കഥാകൃത്തിനെയും, താരങ്ങളെയും എഡിറ്ററെയും കണ്ടെത്തി.
തന്റെ ക്ളാസിക് ചിത്രമായ നിദ്രയില്‍ക്കൂടി ഭരതന്‍ പറഞ്ഞുവെച്ചത് പ്രണയവും, മാനസിക വിഭ്രാന്തിയുമായിരുന്നെങ്കില്‍ പുതിയ ചിത്രം വരച്ചുകാട്ടുന്നത് ഇന്നത്തെ യുവ തലമുറയ്ക്ക് സമൂഹത്തോടുള്ള കമ്മിറ്റ് മെന്റാണ്. ഒരു പ്രണയ യാത്ര കൂടിയാണ് ഈ നിദ്ര. പഴയ ചിത്രത്തെ അപ്പാടെ ഒരു പകര്‍ത്തി വെയ്കലിലൂടെയല്ലാതെ അന്നത്തെയും ഇന്നത്തെയും തലമുറകളുടെ അന്തരത്തില്‍ ക്കൂടി, പ്രാദേശികാടിസ്ഥാനത്തില്‍ എല്ലാ മേഖലയിലും ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളില്‍ക്കൂടി, അതിനെ യുവതയും സമൂഹവും എങ്ങനെ നോക്കിക്കാണുന്നു എന്ന പുതിയ തലത്തിലേക്ക് കഥ എത്തിക്കുക കൂടിയാണ് .
സംവിധായകന് റീമേക്കിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. “പഴയ ചിത്രങ്ങളെ അതുപോലെ എടുത്തു വയ്ക്കുക എന്നതല്ല റീമെക്ക്. ആ ചിത്രത്തിന്റെ സ്വാധീനം ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ രീതിയില്‍ അവതരിപ്പിക്കുക. കഥയുടെ ആത്മാവിനെ മുറിപ്പെടുത്താതെ പുതിയ കാലഘട്ടത്തിന് അനുയോജ്യമായ വിധത്തില്‍, ചെയിഞ്ച് വരുത്തിക്കൊണ്ട് കലാമൂല്യങ്ങള്‍ ചോര്‍ന്നുപോകാതെ എടുക്കാനുള്ള ഒരു ശ്രമം കൂടിയായിരിക്കണം റീമേക്കുകള്‍. സമകാലിക സിനിമകള്‍ എവിടെ വന്നാലും ഇഷ്ടപ്പെടാനുള്ള പ്രവണതയും, സാധ്യതയും ഇന്ന് കൂടുതലാണ്. അമ്മയും കേന്ദ്രകഥാപാത്രങ്ങളില്‍ ഒരാളായി എത്തുന്നു.” എന്ന് സിദ്ധാര്‍ത്ഥ്.
“ഏകദേശം 30 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു പ്രതിഭ സംവിധാനം ചെയ്ത ചിത്രം. അതിനോടെത്ര മാത്രം നീതി പുലര്‍ത്തിക്കൊണ്ട് പുതിയൊരു സാമൂഹ്യ പശ്ചാത്തലത്തില്‍, കഥയില്‍ വ്യത്യാസങ്ങള്‍ വരുത്തിക്കൊണ്ടാണെങ്കിലും എങ്ങനെ ആ ചിത്രം പുനര്‍ നിര്‍മ്മിക്കാം, അന്നത്തെ രാഷ്ട്രീയ- സാമൂഹ്യ ജീവിതരീതിയ്ക്കും വസ്ത്രധാരണ ശൈലിയ്ക്കും ഇന്നത്തെ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് സിനിമ ചെയ്യുന്നത് ”കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പറയുന്നു. നവംബര്‍ റെയിന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കുശേഷം ഒരു ഇടവേള കഴിഞ്ഞ് സന്തോഷ് നിദ്രയില്‍ക്കൂടി വീണ്ടും സിനിമയില്‍ ചുവടുറപ്പിക്കുകയാണ്.
ലുക്സാം ക്രിയേഷന്‍സിന്റെ ബാനറില്‍ സദാനന്ദനാണ് നിര്‍മ്മാണം. “2011 2012 ല്‍ അഞ്ചു പ്രോജക്ടുകളില്‍ കമ്മിറ്റഡാണ്. സാള്‍ട്ട് ആന്റ് പെപ്പര്‍ ഉള്‍പ്പെടെ മൂന്നാമത്തെ ചിത്രമാണ് നിദ്ര. സിനിമാ ഇന്‍ഡസ്ട്രിയിലെ സമരം കാരണം മറ്റ് രണ്ട് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ എന്നു തീരും എന്ന് പറയാന്‍ കഴിയുന്നില്ല ” എന്ന് ലുക്സാം സദാനന്ദന്‍.
ടൂര്‍ണ്ണമെന്റ് ഫെയിമായ മനുമാണ് നിദ്രയിലെ മുഖ്യകഥാപാത്രമായ രാജുവിന്റെ റോളില്‍ എത്തുന്നത്. “മലയാള സിനിമയിലെ ലെജന്റായ ഭരതന്‍ സാറിന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഇപ്പോള്‍. ഒരു വര്‍ഷമായി ഇതിന്റെയൊപ്പമുണ്ട്. റീമേക്കിംഗിലാണെങ്കിലും അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നതു തന്നെ ഭാഗ്യമാണ്. അതും അദ്ദേഹത്തിന്റെ മകന്‍ എടുക്കുമ്പോള്‍”.
ചെറു പുഷ്പം ഫിലിംസിന്റെ ബാനറില്‍ വിജയ് മേനോന്‍, പി.കെ എബ്രഹാം, ലാലു അലക്സ്, കെപിഎസി ലളിത, ശാന്തി കൃഷ്ണ, ലാവണ്യ എന്നിവരാണ് പഴയ നിദ്രയില്‍ അഭിനയിച്ചിരുന്നത്. നിദ്രയില്‍ അശ്വതി എന്ന നായികയുടെ റോളിലൂടെയാണ് ശാന്തി കൃഷ്ണ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നായകനായ രാജുവായി വിജയ് മേനോനും. പുതിയ ചിത്രത്തില്‍ നായകന്‍ രാജുവായി ടൂര്‍ണ്ണമെന്റ് ഫെയിമായ മനുവും, അശ്വതിയായി റീമാകല്ലിങ്കലും വേഷമിടുന്നു. ഹോട്ട് ആന്റ് സ്പൈസിയില്‍ നിന്നും വിട്ട് തീര്‍ത്തും ഒരു ഗ്രാമീണപ്പെണ്‍കുട്ടിയായിട്ടാണ് റീമ എത്തുന്നത്.
നമ്മളില്‍ സിദ്ധാര്‍ത്ഥിന്റെ സഹപാഠിയായി വന്ന ജിഷ്ണു രാഘവന്‍ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം ഈ ചിത്രക്കില്‍ ക്കൂടി അഭിനയ രംഗത്തേക്ക് വീണ്ടും വരുന്നു. കെപിഎസി ലളിത, വിജയ്മേനോന്‍, ലാലു അലക്സ്, ദിനേശന്‍ തുടങ്ങിയവര്‍ സഹ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ജാസി ഗിഫ്റ്റ് ഈണം നല്‍കുന്നു.ജാസിയും, ശ്രേയാഘോഷാലുമാണ് ആലാപനം . ഛായാഗ്രഹണം സമീര്‍ താഹിര്‍. പുതുവത്സര ചിത്രമെന്ന രീതിയില്‍ പ്ളാന്‍ ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചാലക്കുടിയില്‍ ഒക്ടോബര്‍ 14 ഓടെ ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല