സ്വന്തം ലേഖകന്‍: ബംഗ്ലാദേശിലെ റോഹിഗ്യന്‍ അഭയാര്‍ഥികള്‍ക്കായി ഭസന്‍ ചാര്‍ ദ്വീപ് ഒരുങ്ങുന്നു; കൊള്ളക്കാരുടെ സങ്കേതമായതിനാല്‍ ദ്വീപ് വാസയോഗ്യമല്ലെന്ന് ആരോപണം. കരയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ, ആകൃതി മാറിക്കൊണ്ടിരിക്കുന്ന ദ്വീപിന് ‘പൊങ്ങിക്കിടക്കുന്ന ദ്വീപ്’ എന്നാണു വിളിപ്പേര്. കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാംപുകള്‍ നിറഞ്ഞു കവിഞ്ഞതോടെയാണു ബംഗ്ലദേശ് സര്‍ക്കാര്‍ സമാന്തര സംവിധാനം നോക്കിയത്.
ഏപ്രില്‍ ഒടുവിലായി കാലവര്‍ഷമെത്തും മുന്‍പ് ദ്വീപിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാണു പദ്ധതി. ദ്വീപില്‍ റോഡുകളും ഹെലിപാഡും നിര്‍മിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. സോളര്‍ പാനല്‍ ഘടിപ്പിച്ച ഭവനസമുച്ചയങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കോക്‌സ് ബസാറില്‍നിന്ന് കുറച്ച് അഭയാര്‍ഥികളെ ഇങ്ങോട്ടു മാറ്റും.
ദ്വീപിലേക്കു മാറാന്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നവരെ പരിഗണിക്കുകയോ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയോ ചെയ്യുമെന്ന് ബംഗ്ലദേശ് അധികൃതര്‍ പറയുന്നു. മഴക്കാലത്തു വെള്ളത്തില്‍ മുങ്ങുന്നതും കൊടുങ്കാറ്റുകള്‍ നാശം വിതയ്ക്കുന്നതുമായ ദ്വീപ് വാസയോഗ്യമല്ലെന്നും അഭയാര്‍ഥികളോട് അനീതി കാട്ടുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു. ദ്വീപ് കൊള്ളക്കാരുടെ താവളവുമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല