സ്വന്തം ലേഖകന്‍: നടി ഭാവന വിവാഹിതയാകുന്നു, കന്നഡ നടനും നിര്‍മാതാവുമായ നവീനുമായുള്ള വിവാഹം നിശ്ചയിച്ചു, വിവാഹം ഉടനുണ്ടാകുമെന്ന് നടി. ബംഗളൂരു സ്വദേശിയായ നവീന്റെയും ഭാവനയുടെയും അടുത്ത ബന്ധുക്കളും സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നിവരും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് തൃശൂര്‍ പാട്ടുരായ്ക്കലിലുള്ള ഭാവനയുടെ വീട്ടില്‍ നടന്നു. കന്നഡ ആചാര പ്രകാരമായിരുന്നു നിശ്ചയം. വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് നടി ഭാവന.
എന്റെ വിവാഹ നിശ്ചയമാണ് ഇന്നു കഴിഞ്ഞത്. വിവാഹമല്ല. ചടങ്ങുകള്‍ വാര്‍ത്തയാകേണ്ട എന്നുകരുതി വളരെ രഹസ്യമായി നടത്താനായിരുന്നു പ്ലാന്‍. അതിനുവേണ്ടി ചടങ്ങുകള്‍ എല്ലാം എന്റെ വീട്ടിലാണ് നടന്നത് ഭാവന പറഞ്ഞു. തന്റെ അടുത്ത കൂട്ടുകാരെ പോലും ക്ഷണിച്ചില്ലെന്നും വിവാഹനിശ്ചയ വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും നടി പറഞ്ഞു. കല്ല്യാണം എല്ലാവരെയും അറിയിക്കാം എന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ വാര്‍ത്ത പുറത്താകുകയായിരുന്നെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
നവീനുമായി അഞ്ചു വര്‍ഷത്തെ പരിചയം എനിക്കുണ്ട്. എന്റെ ആദ്യ കന്നട ചിത്രമായ റോമിയോ നിര്‍മ്മിച്ചത് അദ്ദേഹമാണ്. ആ പരിചയത്തില്‍ നിന്നാണ് ഈ ബന്ധം ഉണ്ടായതെന്നും ഭാവന പറഞ്ഞു. മലയാളത്തോടൊപ്പം കന്നടയിലും തമിഴിലും തെലുങ്കിലും നായിക വേഷത്തിലെത്തിയ ഭാവന പ്രു ഇടവേളക്കു ശേഷം പ്രിത്വിരാജ് നായകനാകുന്ന ആദം എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല