1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2012

ഭഗവദ്ഗീത പരിഭാഷ റഷ്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി സൈബീരിയയിലെ മേല്‍ക്കോടതിയും തള്ളി. നേരത്തെ ഇതേ ഹര്‍ജി തള്ളിയ കീഴ്ക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. ലോകമെങ്ങുമുള്ള ഹിന്ദുമത വിശ്വാസികള്‍ക്കും മതസൌഹാര്‍ദ പ്രേമികള്‍ക്കും ആശ്വാസം പകരുന്ന വിധിയെ ഇന്ത്യ സ്വാഗതം ചെയ്തു.

‘ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ (ഇസ്കോണ്‍) സ്ഥാപകന്‍ ഭക്തിവേദാന്ത സ്വാമി പ്രഭുപാദ രചിച്ച ഭഗവദ് ഗീതാ വ്യാഖ്യാനത്തിന് എതിരെ കഴിഞ്ഞ ജൂണിലാണു സൈബീരിയയിലെ ടോംസ്ക് നഗരത്തില്‍ കേസ് വന്നത്. കേസ് തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ മൂന്നാം വാരം ഗീത നിരോധന നീക്കമുണ്ടായി. ഇത് ഇന്ത്യയില്‍ വന്‍ വിവാദമാവുകയും ലോക്സഭയില്‍ കക്ഷിഭേദമില്ലാതെ എംപിമാര്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തതോടെ കോടതി നടപടികള്‍ ഒരാഴ്ചത്തേക്കു മരവിപ്പിച്ചു.

തുടര്‍ന്നു നയതന്ത്ര തലത്തില്‍ ഇന്ത്യ ഇടപെടുകയും ഗീതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുകയും ചെയ്തു. വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ നേരിട്ടു പ്രശ്നത്തില്‍ ഇടപെട്ടു. ഗീത നിരോധിക്കണമെന്ന ഹര്‍ജി ഡിസംബര്‍ 28ന് ടോംക്സിലെ കോടതി തള്ളുകയും ചെയ്തു. ഇൌ വിധിയില്‍ ഒരു മാറ്റവുമില്ലെന്നാണ് ഇന്നലെ ജില്ലാ കോടതി വിധിച്ചത്. റഷ്യന്‍ നീതിന്യായ വ്യവസ്ഥയോടു കൃതജ്ഞതയുണ്ടെന്നു മോസ്കോയിലെ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ സാധുപ്രിയ ദാസ് പറഞ്ഞു.

റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് മല്‍ഹോത്ര, റഷ്യന്‍ കോടതിയില്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ അലക്സാണ്ടര്‍ ഷഖോവ്, ഹരേകൃഷ്ണ മാധ്യമവിഭാഗം ഡയറക്ടര്‍ ബ്രജേന്ദ്ര നന്ദന്‍ ദാസ് തുടങ്ങിയവരും വിധിയെ സ്വാഗതം ചെയ്തു. ഭഗവദ്ഗീത റഷ്യയില്‍ ആദ്യമായി അച്ചടിച്ചത് 1788ല്‍ ആണ്.

തുടര്‍ന്ന് ഇതുവരെയായി അനേകം പരിഭാഷകളും വ്യാഖ്യാനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണു ഗീതയ്ക്കെതിരെ കോടതിയില്‍ കേസ് എത്തിയത്. അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്ന ക്രിസ്ത്യന്‍ ഒാര്‍ത്തഡോക്സ് ചര്‍ച്ചിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.