സ്വന്തം ലേഖകൻ: പുനരന്വേഷണം പരിഗണനയിലിരിക്കെ ഭീമ–കൊറേഗാവ് കേസ് എന്‍ഐഎ ഏറ്റെടുത്തതില്‍ വിവാദം കത്തുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ മുൻ ബിജെപി സർക്കാർ നടത്തിയ ഗൂഡാലോചന പുറത്ത് വരാതിരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ഭരണഘടനാവിരുദ്ധമായ നടപടിയെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആരോപിച്ചു.
എതിര്‍ക്കുന്നവരെയെല്ലാം നഗരമാവോയിസ്റ്റ് ആക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം എന്‍ഐഎ അന്വേഷണത്തിലൂടെ മൂടിവയ്ക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേസില്‍ നഗരമാവോയിസ്റ്റുകളെന്ന് ആരോപിച്ച് പുണെ പൊലീസ് അറസ്റ്റുചെയ്ത ഒന്‍പത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ വേണ്ടത്ര തെളിവില്ലെന്നാണ് മഹാരാഷ്ട്ര പൊലീസ് വിലയിരുത്തല്‍.
ഭീമ–കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശപ്രവർത്തകർക്കെതിരെ എടുത്ത കേസുകൾ മഹാരാഷ്ട്ര സർക്കാർ പുനരന്വേഷിക്കാന്‍ ആലോചിക്കവേയാണ് കേസ് എൻഐഎ ഏറ്റെടുത്തത്. വിഷയത്തില്‍ പുനരന്വേഷണം ആദ്യം ആവശ്യപ്പെട്ടത് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ്. പിന്നാലെ ഉപമുഖ്യമന്ത്രി അജിത് പവാര്‍, ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് എന്നിവര്‍ കേസന്വേഷിച്ച പുണെ പൊലീസ് ഉദ്യോഗസ്ഥരുമായി അവലോകനയോഗം നടത്തി.
കേസില്‍ നഗരമാവോയിസ്റ്റുകളെന്ന് ആരോപിച്ച് പുണെ പൊലീസ് അറസ്റ്റുചെയ്ത ഒന്‍പത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ വേണ്ടത്ര തെളിവില്ലെന്ന് യോഗം വിലയിരുത്തിയെന്നാണ് സൂചന. പിന്നാലെയാണ് കേസ് എന്‍ഐഎക്ക് വിട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങുന്നത്. ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ നടത്തിയ ഗൂഡാലോചന പുറത്തുവരാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്ന് കോണ്‍ഗ്രസ്–എന്‍സിപി നേതാക്കള്‍ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല