ഭോപ്പാല്‍ ദുരന്തബാധിതരോടുള്ള ഇന്ത്യന്‍ ഒളിപിംക് അസോസിയേഷന്റെ (ഐഒഎ) പ്രതിബദ്ധതയില്‍ ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിക്കു (ഐഒസി) മതിപ്പ്. എന്നാല്‍, മതിപ്പു മാത്രമേയുള്ളൂവെന്നാണ് ഐഒസി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് അയച്ച കത്ത് വ്യക്തമാക്കുന്നത്.ഭോപ്പാല്‍ ദുരന്തത്തിന് ഉത്തരവാദികളായ യൂണിയന് കാര്‍ബൈഡിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ ഡൗ കെമിക്കല്‍സിനെ ലണ്ടന്‍ ഒളിംപിക് സ്പോണ്‍സര്‍ഷിപ്പ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ഐഒഎ ലണ്ടന്‍ ഒളിംപിക് സംഘാടക സമിതിയോട് ആവശ്യപ്പെട്ടിരുന്നു.
ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയെ തൃപ്തിപ്പെടുത്താനും ഡൗ കെമിക്കല്‍സിനെ ന്യായീകരിക്കാനും ഉദ്ദേശിച്ച് ഐഒസി അധ്യക്ഷന്‍ ജാക്വസ് റോഗ് ഐഒഎ ആക്റ്റിങ് പ്രസിഡന്റ് വി.കെ. മല്‍ഹോത്രയ്ക്കു കത്തയച്ചത്.
ഇന്ത്യന്‍ ജനതയുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും എന്നാല്‍ ഡൗ കെമിക്കല്‍സ് യൂണിയന് കാര്‍ബൈഡ് ഏറ്റെടിക്കുന്നതിനു മുന്‍പാണു ദുരന്തമുണ്ടായതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ദുരന്തം നടന്നു 16 വര്‍ഷത്തിനു ശേഷമാണു ഡൗ കെമിക്കല്‍സ് കാര്‍ബൈഡ് ഏറ്റെടുക്കുന്നത്. 47 കോടി ഡോളര്‍ നഷ്ടപരിഹാരവും നല്കി. കേസുകളിലെല്ലാം സുപ്രീം കോടതി ഡൗ കെമിക്കല്‍സിന്റെ വാദങ്ങള്‍ അംഗീകരിച്ചു- കത്തില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല