സ്വന്തം ലേഖകന്‍: ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരരുടെ വധം പോലീസ് കെട്ടിച്ചമച്ച കഥയാണെന്ന സംശയം ബലപ്പെടുന്നു, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമെന്ന് ആരോപണം. ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന പോലീസ് ഭാഷ്യം ചോദ്യം ചെയ്യുന്നവര്‍ അതീവ സുരക്ഷയുള്ള ജയിലില്‍ നിന്ന് എങ്ങനെ രക്ഷപെട്ടുവെന്ന് സംശയം ഉന്നയിച്ചു. വിചാരണ പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതികള്‍ ജയില്‍ ചാടിയെന്ന വാദം അവിശ്വസനീയമാണെന്ന് പ്രതിഭാഗം അഭിഭാഷകരും പറയുന്നു.
പോലീസിന്റെ വാദത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളിലും സജീവമാണ്. സ്പൂണും സ്റ്റീല്‍ പാത്രങ്ങളും ഉപയോഗിച്ച് ജയില്‍ ജീവനക്കാരെ ആക്രമിച്ച ശേഷം പ്രതികള്‍ രക്ഷപെട്ടുവെന്നാണ് പോലീസ് വാദം. എന്നാല്‍ ജയില്‍ചാടിയ പ്രതികള്‍ എന്തുകൊണ്ട് പെട്ടന്ന് പിടിക്കപ്പെടുന്ന വിധം ഒരുമിച്ച് തുടര്‍ന്നുവെന്നത് മറുവാദം ഉന്നയിക്കുന്നവര്‍ ചോദിക്കുന്നു.
ജയില്‍ ചാടിയ തീവ്രവാദികളെക്കുറിച്ച് പ്രദേശവാസികള്‍ വിവരം തന്നുവെന്നാണ് ഭോപ്പാല്‍ ഐ.ജി യോഗേഷ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലമായി മാധ്യമദൃശ്യങ്ങളില്‍ കണ്ടത് ആള്‍പാര്‍പ്പില്ലാത്ത സ്ഥലവും. പോലീസിന് ഈ പ്രദേശത്ത് ഇന്‍ഫോര്‍മര്‍മാര്‍ ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല.
ജയില്‍ ഗാര്‍ഡായ രാംനരേഷ് യാദവിനെ കൊലപ്പെടുത്തിയ ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ പ്രതികള്‍ രക്ഷപെട്ടുവെന്നാണ് പോലീസ് വാദം. എന്നാല്‍ രാത്രി വൈകിയും ദീപാവലി ആഘോഷം നടന്ന ദിവസം തന്നെ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചുവെന്നത് പോലീസ് വാദം ദുര്‍ബലപ്പെടുത്തുന്നു.
കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങള്‍ കാണപ്പെട്ടത് ജീന്‍സും സ്‌പോര്‍ട്‌സ് ഷുസും ധരിച്ച നിലയിലാണ്. ജയിലില്‍ ഇവര്‍ യൂണിഫോം ധരിച്ചിരുന്നില്ലേ. അതോ സിവില്‍ ഡ്രസ് ധരിക്കാന്‍ അനുവദിച്ചിരുന്നോ; ജയില്‍ വസ്ത്രങ്ങള്‍ മാറ്റിയതാണെങ്കില്‍ വസ്ത്രം മാറിയത് എവിടെ വച്ച് എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരമില്ല.
കൊല്ലപ്പെട്ട എട്ട് പേരും പോലീസിനെ നേരെ വെടിയുതിര്‍ത്തുവെന്നാണ് പോലീസ് ഭാഷ്യം അങ്ങനെയെങ്കില്‍ ജയില്‍ നിന്നിറങ്ങിയ പ്രതികള്‍ക്ക് ആയുധം ലഭിച്ചത് എവിടെ നിന്ന്. ഇത്തരം നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഉയരുന്നത്. അതിനിടെ കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരാളെ പോലീസ് തൊട്ടടുത്ത് നിന്ന് വെടിവയ്ക്കുന്നതിന്റെ വീഡിയോ ഇന്ത്യാ ടുഡേയില്‍ മാധ്യമപ്രവര്‍ത്തകനായ ആഷിഷ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ജയില്‍ വാര്‍ഡനെ വധിച്ച ശേഷം ജയില്‍ചാടിയ എട്ട് സിമി പ്രവര്‍ത്തകരും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ് മധ്യപ്രദേശ് പോലീസ് നല്‍കിയ വാര്‍ത്ത. ഭോപ്പാലിന്റെ പ്രാന്തപ്രദേശമായ എയ്ന്റ്‌ഖെഡി ഗ്രാമത്തില്‍ വെച്ചായിരുന്നു ഇവര്‍ കൊല്ലപ്പെട്ടതെന്ന് വാര്‍ത്തയില്‍ പറയുന്നു. ദീപാവലി ദിവസം ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നായിരുന്നു ഇവര്‍ തടവ് ചാടിയത്. മണിക്കൂറുകള്‍ക്കകം ഇവരെ കൊലപ്പെടുത്തിയ വാര്‍ത്തയും എത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല