സ്വന്തം ലേഖകന്‍: കഴിഞ്ഞമാസം അന്തരിച്ച തായ് രാജാവ് ഭൂമിബോല്‍ അതുല്യതേജിന് ആനപ്പടയുടെ അന്ത്യാഞ്ജലി. രാജാവിന് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്നലെ ബാങ്കോക്കിലെ ഗ്രാന്‍ഡ് പാലസിലേക്ക് നടത്തി യ പ്രദക്ഷിണത്തില്‍ പുരാതന തലസ്ഥാനമായ അയുതയില്നിന്നുള്ള ആനകള്‍ പങ്കെടുത്തു.
അയുത എലിഫന്റ് പാലസ് ഉടമ ലൈത്തോണ്ഗ്രിന് മീപ്പാനാണ് പ്രദക്ഷിണത്തിനു നേതൃത്വം നല്‍കിയത്. അതുല്യതേജ് രാജാവിന്റെ നിര്യാണത്തെത്തുടര്‍ന്നു തായ്ലന്ഡില് സൈനികഭരണകൂടം ഒരു വര്‍ഷത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ കാലം രാജഭരണം നടത്തിയ റെക്കോര്‍ഡ് സ്വന്തം പേരിലുള്ള ഭൂമിബോല്‍ അതുല്യതേജ് രാജാവ് ഏഴു പതിറ്റാണ്ട് തായ്ലന്ഡ് ഭരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്ന അദ്ദേഹം 88 മത്തെ വയസിലാണ് അന്തരിച്ചത്. അതുല്യതേജിന്റെ പിന്‍ഗാമിയായി മകന് മഹാ വാജിറാലോങ്കോണിനെ നിശ്ചയിച്ചിട്ടുണ്ട്.
പട്ടാള അട്ടിമറികളും രാഷ്ട്രീയ അസ്ഥിരതയും മൂലം വിഘടിച്ചുനിന്ന രാജ്യത്ത് ഐക്യത്തിന്റെ പ്രതീകമായിരുന്നു കിങ് രാമ ഒമ്പതാമന്‍ എന്ന അതുല്യതേജ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം അധികാരത്തിലെത്തിയ ഛാക്രി വംശത്തില്‍പ്പെട്ട രാജാവാണ് ഇദ്ദേഹം. ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന തായ്ലന്‍ഡിനെ മേഖലയിലെ പ്രധാന സാമ്പത്തിക ശക്തിയാക്കി മാറ്റിയതില്‍ അതുല്യതേജിന്റെ നയങ്ങള്‍ സുപ്രധാന പങ്കുവഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല