സ്വന്തം ലേഖകന്‍: സംഘര്‍ഷ ഭൂമിയായ ഡൊക്‌ലാം തങ്ങളുടേതല്ലെന്ന് ഭൂട്ടാന്‍ സമ്മതിച്ചതായി ചൈന. സിക്കിം അതിര്‍ത്തിയിലുള്ള ഡോക്ലാം മേഖല തങ്ങളുടെ അധീനപ്രദേശമല്ലെന്ന് ഭൂട്ടാന്‍ അറിയിച്ചെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ വാങ് വെന്‍ലി ഇന്ത്യന്‍ മാധ്യമസംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വ്യക്തമാക്കിയത്.
ചൈന തങ്ങളുടെ പ്രദേശത്ത് കടന്നുകയറിയതായി ആരോപിച്ച് ഭൂട്ടാന്‍ ചൈനീസ് സര്‍ക്കാരിനെ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനുശേഷമാണ് ഭൂട്ടാന്‍ നിലപാട് മാറ്റിയതെന്നാണ് വെന്‍ലി പറയുന്നത്. എന്നാല്‍, ഈ അവകാശവാദത്തിന് തെളിവുകള്‍ നല്‍കാന്‍ അവര്‍ തയ്യാറായില്ല. ഡോക്ലാം അതിര്‍ത്തിയില്‍ ഇന്ത്യന്‍സേനയെ വിന്യസിച്ചതിനെ അസാധാരണമായാണ് ഭൂട്ടാന്‍കാര്‍ കാണുന്നത്. ഭൂട്ടാനിലെ ഔദ്യോഗിക മാധ്യമങ്ങളും വെബ്‌സൈറ്റുകളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
ഭൂട്ടാനുമായി നേരിട്ട് തങ്ങള്‍ക്ക് നയതന്ത്രബന്ധമില്ലാത്തതിനാല്‍ ഡല്‍ഹിയിലെ അവരുടെ എംബസി മുഖേനെയാണ് ഇക്കാര്യം അറിയിച്ചതെന്നും വെന്‍ലി പറയുന്നു. ഡോക്ലാമില്‍ ചൈന റോഡ് നിര്‍മാണം തുടങ്ങിയതിനെത്തുടര്‍ന്ന് രണ്ട് മാസത്തോളമായി ഇന്ത്യന്‍, ചൈനീസ് സേനകള്‍ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഡോക്ലാം ചൈനയുടേതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍, റോഡ് പണിനടക്കുന്നത് ഭൂട്ടാന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്താണെന്നാണ് ഇന്ത്യയുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല