സ്വന്തം ലേഖകന്‍: ശനിയാഴ്ച മാത്രം ഡോക്ടര്‍, ബാക്കി ആറു ദിവസം പ്രധാനമന്ത്രി! വ്യത്യസ്തനായ ഭൂട്ടാന്‍ പ്രധാനമന്ത്രിയെ അറിയാം. ഡോക്ടര്‍ കൂടിയായ ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടായ് ഷെറിങ് ഏറെ തിരക്കുള്ള പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോഴും ആഴ്ചയിലൊരു ദിവസം ആശുപത്രിയിലെത്തും. യൂറോളജി വിദഗ്ധനാണ് ലോട്ടായ് ഷെറിങ് രാജ്യത്തെ മികച്ച ഡോക്ടര്‍മാരില്‍ ഒരാളാണ്.
2018 നവംബറിലാണ് ഷെറിങ് ഭൂട്ടാന്‍ പ്രധാനമന്തിയായി അധികാരമേറ്റത്. പ്രധാനമന്ത്രിയായതിനെ തുടര്‍ന്ന് മുഴുവന്‍ സമയ ഡോക്ടര്‍ വേഷം അഴിച്ചു വെച്ചെങ്കിലും ജിഗ്മെ ഡോര്‍ജി വാങ്ചക് നാഷണല്‍ റഫറല്‍ ഹോസ്പിറ്റലില്‍ എല്ലാ ശനിയാഴ്ചയും കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റായി ഷെറിങ് എത്താറുണ്ട്.
പ്രധാനമന്ത്രി ആശുപത്രിയിലെത്തുമ്പോള്‍ അവിടെ അമ്പരന്ന് നോക്കുന്ന രോഗികളോ സഹപ്രവര്‍ത്തകരോ ഉണ്ടാവാറില്ല. അവര്‍ക്കിപ്പോഴും ഷെറിങ് പണ്ടത്തെ സ്‌നേഹസമ്പന്നനായ ഡോക്ടറാണ്. എല്ലാവരും തികച്ചും സാധാരണമായി അവരവരുടെ ജോലികളില്‍ മുഴുകും.
ഭൂട്ടാനിലെ ആരോഗ്യമേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ഷെറിങ്ങിന്റെ മുഖ്യ അജന്‍ഡയാണ്. ജനങ്ങള്‍ക്ക് ചികിത്സയ്ക്കായി പണം നല്‍കേണ്ടതില്ലെങ്കിലും ആരോഗ്യരംഗത്തെ കുറിച്ച് ജനങ്ങള്‍ക്കുള്ള അജ്ഞത ആരോഗ്യമേഖലയുടെ വികസനത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് ഷെറിങ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല