സ്വന്തം ലേഖകൻ: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 400ലേറെ സിനിമകൾക്കായി ഗാനങ്ങൾ രചിച്ചു. അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ അയ്യായിരത്തിലേറെ ഗാനങ്ങള്‍ ബിച്ചു തിരുമല മലയാള സിനിമക്കായി സമ്മാനിച്ചിട്ടുണ്ട്.
സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13ന് ചേർത്തലയിലായിരുന്നു ജനനം. 1972ൽ പുറത്തിറങ്ങിയ ‘ഭജ ഗോവിന്ദം’ എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. എന്നാൽ ‘അക്കാൽദാമ’യാണ് ആദ്യം പുറത്തുവന്ന ചിത്രം.
ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു. 1981ലും (തൃഷ്ണ, തേനും വയമ്പും) 1991ലും (കടിഞ്ഞൂൽ കല്ല്യാണം) മികച്ച ഗാനരചനക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. 1985ൽ പുറത്തിറങ്ങിയ ‘സത്യം’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനുമായി.
‘ശക്തി’ എന്ന ചിത്രത്തിനായി കഥയും സംഭാഷണവും ‘ഇഷ്ടപ്രാണേശ്വരി’ എന്ന ചിത്രത്തിന് തിരക്കഥയും രചിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. പ്രസന്നയാണ് ഭാര്യ. സുമൻ മകനാണ്. പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല