സ്വന്തം ലേഖകൻ: ദക്ഷിണ അതിർത്തിയിലെ കുടിയേറ്റം തടയാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ബൈഡൻ പുറപ്പെടുവിച്ചു. പ്രസിഡന്റ് ബൈഡന്റെ ഈ ഉത്തരവ്, കുടിയേറ്റക്കാരെ യുഎസ് – മെക്സിക്കോ അതിർത്തിയിൽ അഭയം തേടുന്നത് തടയുന്നു.
വർഷങ്ങളായി കോൺഗ്രസ് പരിഗണിച്ച ഏറ്റവും പ്രധാനപ്പെട്ട അതിർത്തി സുരക്ഷാ നിയന്ത്രണങ്ങളുള്ള ഉഭയകക്ഷി നിയമനിർമാണം റിപ്പബ്ലിക്കൻമാർ തടഞ്ഞതിനാൽ എക്സിക്യൂട്ടീവ് നടപടിയെടുക്കാൻ താൻ നിർബന്ധിതനാണെന്ന് ബൈഡൻ പറഞ്ഞു.
2024-ലെ തിരഞ്ഞെടുപ്പിനു മുൻപ്, കുടിയേറ്റം വർധിക്കുന്നത് തടയുന്നതിനും വോട്ടർമാർക്കിടയിലെ ആശങ്ക പരിഹരിക്കുന്നതിനുമുള്ള നാടകീയ നീക്കമായിട്ടാണ് നടപടിയെ വിലയിരുത്തുന്നത്.
യുഎസിലേക്ക് കടക്കുന്ന ആളുകളുടെ എണ്ണത്തിൽ പൊതുജനങ്ങളുടെ ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. തെക്കൻ അതിർത്തിയിൽ എത്തുന്ന ആളുകളുടെ എണ്ണം കുറയ്ക്കാൻ റിപ്പബ്ലിക്കൻമാരിൽ നിന്നും ചില ഡെമോക്രാറ്റുകളിൽ നിന്നും വൈറ്റ് ഹൗസ് കടുത്ത സമ്മർദ്ദത്തിലാണ്.
എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, നിയമപരമായ പ്രവേശന കേന്ദ്രങ്ങളിൽ പ്രതിദിന കുടിയേറ്റം 2,500 ആയിക്കഴിഞ്ഞാൽ, യുഎസ്-മെക്‌സിക്കോ അതിർത്തിയിലേക്കുള്ള അഭയ അഭ്യർത്ഥനകൾ ഭരണകൂടം നിരസിക്കും. തുടർച്ചയായി ഏഴ് ദിവസത്തേക്ക് പ്രതിദിന ശരാശരി 1,500-ൽ താഴെയെത്തിയതിന് ശേഷം രണ്ടാഴ്ചയ്ക്ക് ശേഷം അതിർത്തി വീണ്ടും തുറക്കാനാണ് ബൈഡൻ ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല