സ്വന്തം ലേഖകൻ: കുടിയേറ്റ നിയമം നീതിപൂർവം നടപ്പാക്കുന്നതിനുള്ള മൂന്ന് ഉത്തരവുകളിൽ യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ഒപ്പുവെച്ചു. കുടിയേറ്റ നിയമത്തിൽ നിയന്ത്രണമേർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിെൻറ നടപടികൾ പുനഃപരിശോധിക്കുന്നതിെൻറ ഭാഗമായാണ് ബൈഡെൻറ ഉത്തരവ്. പൗരത്വ രേഖയുടെ പേരിൽ ട്രംപ് ഭരണകൂടം വേർപെടുത്തിയ കുട്ടികളെയും മാതാപിതാക്കളെയും കണ്ടെത്തി ഒന്നിപ്പിക്കാനുള്ള ദൗത്യസേന രൂപവത്കരിക്കുന്നതാണ് ആദ്യ ഉത്തരവ്.
ഹോംലാൻഡ് സെക്യൂരിറ്റി സേന സെക്രട്ടറിയാണ് ദൗത്യ സംഘത്തിന് നേതൃത്വം നൽകുക. കുടിയേറ്റത്തിെൻറ മൂല കാരണം കണ്ടെത്താനും അതിർത്തികളിൽ അഭയകേന്ദ്രം ഒരുക്കാനും ട്രംപ് സർക്കാറിെൻറ കുടിയേറ്റ നിയന്ത്രണ പദ്ധതി അവസാനിപ്പിക്കാൻ നിർദേശം നൽകുന്നതുമാണ് രണ്ടാമത്തെ ഉത്തരവ്.
മെക്സിക്കൻ അതിർത്തിയിൽ ഒട്ടേറെ കുടുംബങ്ങളെ വേർപെടുത്താൻ കാരണമായ വിവാദ പദ്ധതിയായിരുന്നു ഇത്. കുടിയേറ്റക്കാരെ ഉൾക്കൊള്ളുന്ന തരത്തിൽ കുടിയേറ്റ സംവിധാനം നീതിപൂർവമാക്കാനും ഒട്ടേറെ പേർക്ക് വിസ തടയുന്ന ‘പൊതുകുറ്റ’നിയമം പുനഃപരിശോധിക്കാൻ നിർദേശിക്കുന്നതുമാണ് മൂന്നാമത്തെ ഉത്തരവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. പുതിയ ഉത്തരവുകൾ ഇന്ത്യാക്കാരുൾപ്പെടെ ആയിരങ്ങൾക്ക് ആശ്വാസമാകും.
കഴിഞ്ഞ തവണ 600 ഡോളർ സ്റ്റിമുലസ് ചെക്ക് ലഭിച്ച പലർക്കും പുതിയ സ്റ്റിമുലസ് ചെക്ക് (1400 ഡോളർ) നിഷേധിക്കുന്ന തീരുമാനവുമായി ഡമോക്രാറ്റിക് പാർട്ടി. വാർഷിക വരുമാനത്തിന്റെ തുകയിൽ കുറവു വരുത്തിയാണ് പുതിയ സ്റ്റിമുലസ് ചെക്ക് വിതരണം ചെയ്യുക. വ്യക്തിയുടെ വാർഷിക വരുമാനം 50,000 മോ അതിൽ കുറവോ ലഭിക്കുന്നവർക്കും വിവാഹിതരായവർക്ക് 100,000 മോ, അതിൽ കുറവോ ലഭിക്കുന്നവർക്കും കുടുംബ വാർഷിക വരുമാനം 120,000 കുറവോ ലഭിക്കുന്നവർക്കു മാത്രമേ ഇത്തവണ 1400 ഡോളറിന്റെ മുഴുവൻ ചെക്ക് ലഭിക്കുകയെന്നതാണ് ഡമോക്രാറ്റുകളുടെ നിലപാട്.
നേരത്തെ 600 ഡോളർ ലഭിച്ച എല്ലാവർക്കും ഡിസംബർ അവസാനത്തോടെ 1400 ഡോളർ ലഭിക്കുമെന്നാണ് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാഗത്തു നിന്നും ബൈഡന്റെ 1.9 ട്രില്യൺ ഡോളറിന്റെ സ്റ്റിമുലസ് പാക്കേജ് 600 ബില്യൺ ആക്കി കുറക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുഎസ് ഹൗസ് ബൈഡന്റെ 1.9 ട്രില്യൺ ഡോളർ പാക്കേജിന് 218– 212 വോട്ടോടെ അംഗീകാരം നൽകി.
അവസാന തീരുമാനം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാർച്ച് മധ്യത്തോടെ മാത്രമേ ചെക്കുകൾ എല്ലാവർക്കും ലഭിക്കുകയുള്ളൂവെന്നാണ് ബൈഡൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചിട്ടുള്ളത്. ബൈഡന്റെ പുതിയ തീരുമാനം 1400 ഡോളർ പ്രതീക്ഷ വച്ചു പുലർത്തിയിരുന്ന പലർക്കും കടുത്ത നിരാശ നൽകുന്നതാണ് ഈ നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല