സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ബൈഡനെ ടെൽ അവീവ് വിമാനത്താവളത്തിൽ സ്വീകരിച്ചു. ജോ ബൈഡൻ ഇസ്രയേലിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ ഹമാസ് ഐഎസിനേക്കാൾ അപകടകാരികളാണെന്ന് ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഐസിന്റെ പാത പിന്തുടരുകയാണ് ഹമാസെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രയേലിലെത്തിയ ബൈഡൻ മറ്റു നേതാക്കളുമായി ചർച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗാസയ്ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് സെക്യൂരിറ്റി കൗൺസിൽ കോഓഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബി അറിയിച്ചു.
ഗാസാ സിറ്റിയിലെ അൽഅഹ്‌ലി അറബ് ഹോസ്പിറ്റലിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 500 പലസ്തീൻകാർ കൊല്ലപ്പെട്ടു. വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെയും റഫായിലെയും പാർപ്പിട സമുച്ചയങ്ങൾക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളിൽ 80 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസ് കമാൻഡർ അയ്മൻ നൗഫലും കൊല്ലപ്പെട്ടു. ദൈറുൽ ബലായിലെ അൽ മഗാസി അഭയാർഥി ക്യാംപിൽ 7 പേർ കൊല്ലപ്പെട്ടു.
ഗാസയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇസ്രയേൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേൽ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചു.
അതേസമയം, ഗാസയിലെ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്ന ഹമാസിന്റെ ആരോപണം ഇസ്രയേൽ തള്ളി. ആശുപത്രി ആക്രമിച്ചതിലൂടെ ഇസ്രയേൽ യുദ്ധക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു ഹമാസിന്റെ ആരോപണം. പലസ്തീനിൽ നിന്നുള്ള ഇസ്‌ലാമിക് ജിഹാദ് തൊടുത്ത മിസൈൽ വഴിതെറ്റി വീണാണ് ആശുപത്രിയിൽ സ്ഫോടനമുണ്ടായതെന്നാണ് ഇസ്രയേലിന്റെ വാദം.
ഇസ്‍ലാമിക് ജിഹാദും ആരോപണം നിഷേധിച്ചു. ഈ മാസം 7നുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 3000 പലസ്തീൻകാർ കൊല്ലപ്പെട്ടതായും 12,500 പേർക്കു പരുക്കേറ്റതായും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ്ബാങ്കിൽ 61 പേർ കൊല്ലപ്പെട്ടു; 1250 പേർക്കു പരുക്കേറ്റു.
പ്രാദേശിക നേതാക്കൻമാരുമായും ചർച്ച നടത്തി തടവിലാക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് മടക്കി അയയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. പ്രശ്നം കൂടുതൽ വഷളാകുന്നതിന് യുഎസ് ആഗ്രഹിക്കുന്നില്ല. ഇസ്രയേൽ നടത്തുന്ന പോരാട്ടത്തെ ഉത്തേജിപ്പിക്കുന്നതിന് യാതൊരു നീക്കവുമില്ല. ആക്രമണം തടയുന്നതിനാണ് ശ്രമിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ്, ജോർദാന‍് രാജാവ് എന്നിവരുമായി ഇതിനകം ചർച്ച നടത്തി. തടവുകാരായി പിടിച്ചുകൊണ്ടുപോയ യുഎസ് പൗരൻമാരെ മോചിപ്പിക്കുക എന്നത് ബൈഡന്റെ പ്രധാന ലക്ഷ്യമാണെന്നും ജോൺ കിർബി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല